മോദി സര്‍ക്കാരിനെതിരെ ഗുജറാത്തില്‍ സമരം നയിക്കാന്‍ മോദിയുടെ സഹോദരനും….!!!

അഹമ്മദാബാദ്: പ്രധാനമന്ത്രി മോദിക്കെതിരെ പ്രത്യക്ഷ സമരവുമായി അനുജന്‍ പ്രഹ്‌ളാദ് മോദി. റേഷന്‍ കടയുടമകളുടെ കമ്മിഷന്‍ കൂട്ടണമെന്നാവശ്യപ്പെട്ട് ഇന്ന് ഗുജറാത്തില്‍ ആരംഭിക്കുന്ന റേഷന്‍ സമരം നയിക്കുന്നത് പ്രഹ്‌ളാദ് മോദിയാണ്. കേരളത്തിലും മറ്റും നല്‍കുന്ന അതേ കമ്മിഷന്‍ ഇവിടെയും ലഭിക്കണമെന്നാണ് ഗുജറാത്ത് ഫെയര്‍ പ്രൈസ് ഷോപ്പ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായ പ്രഹ്ലാദിന്റെ മുഖ്യ ആവശ്യം.

ഗുജറാത്തിലെ പതിനെണ്ണായിരത്തോളം റേഷന്‍ കടയുടമകള്‍ക്ക് ക്വിന്റലിന് 85 രൂപയാണ് കമ്മിഷനായി നല്‍കുന്നത്. ഗോവയിലിത് 230 രൂപയും കേരളത്തില്‍ 220 രൂപയും രാജസ്ഥാനില്‍ 200 രൂപയും ആണെന്നിരിക്കെ ഗുജറാത്തിലേത് തുച്ഛമാണെന്ന് പ്രഹ്ലാദ് മോദി പറയുന്നു.

റേഷന്‍ കടകളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വെയര്‍ മാറ്റണമെന്നും പ്രഹ്‌ളാദ് ആവശ്യപ്പെടുന്നു. ഇതിലെ തകരാറുകള്‍ മൂലം ഉടമകളും ഉപഭോക്താക്കളും തമ്മില്‍ പലയിടത്തും ശണ്ഠയാണ്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ മുഴുവന്‍ ചുമതലപ്പെട്ട കമ്പനിയിലെ ചിലര്‍ മറിച്ചുവിറ്റ വന്‍ അഴിമതിയും സൂറത്തില്‍ അടുത്തിടെ പുറത്തു വന്നിരുന്നു. മണ്ണെണ്ണ വില്‍ക്കുന്നത് കുറഞ്ഞതിനാല്‍ എല്‍.പി.ജി. സിലിന്‍ഡറുകളുടെ വിപണനത്തിന് റേഷന്‍ കടകള്‍ക്കും അനുമതി നല്‍കണമെന്നാണ് മറ്റൊരു ആവശ്യം.

ഹോളി വരാനിരിക്കെ, സമരവുമായി ഫെയര്‍ പ്രൈസ് ഷോപ്പ് ഓണേഴ്‌സ് അസോസിയേഷന്‍ മുന്നോട്ടുപോയാല്‍ ബി.ജെ.പി സര്‍ക്കാരിന് വലിയ തലവേദനയാകും. പ്രധാനമന്ത്രിയുടെ സഹോദരന്‍ തന്നെ സമരത്തിനിറങ്ങുന്നതാണ് മറ്റൊരു തലവേദന.

pathram desk 1:
Related Post
Leave a Comment