പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം അറസ്റ്റില്‍; അറസ്റ്റ് ലണ്ടനില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍

ചെന്നൈ: ഐ.എന്‍.എക്സ് മീഡിയ പണമിടപാട് കേസില്‍ പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ലണ്ടനില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.

കേസില്‍ കാര്‍ത്തിയുടെ ഓഡിറ്റര്‍ ഭാസ്‌കര രാമനെ ഡല്‍ഹിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

2007ല്‍ ഐഎന്‍എക്‌സ് മീഡിയയിലേക്ക് 305 കോടിയുടെ വിദേശ നിക്ഷേപത്തിന് ചട്ടങ്ങള്‍ മറികടന്നെന്നാണ് കാര്‍ത്തിക്കെതിരായ ആരോപണം. പി. ചിദംബരം കേന്ദ്ര ധനമന്ത്രിയായിരുന്ന കാലത്താണ് കാര്‍ത്തിക്കെതിരായ ആരോപണം ഉണ്ടാകുന്നത്.

കാര്‍ത്തി ചിദംബരം ഐഎന്‍എക്‌സില്‍നിന്നു കണ്‍സള്‍ട്ടേഷന്‍ ഫീസ് വാങ്ങിയതായും സിബിഐ കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ചിദംബരത്തിന്റേയും കാര്‍ത്തി ചിദംബരത്തിന്റെയും ചെന്നൈയിലെ വീടുകളില്‍ സിബിഐ നേരത്തെ പരിശോധന നടത്തിയിരുന്നു.

ഐഎന്‍എക്‌സ് മീഡിയയില്‍നിന്ന് ആദായനികുതി വകുപ്പിന്റെ അന്വേഷണം അട്ടിമറിക്കുന്നതിനായി കാര്‍ത്തി 3.5 കോടി രൂപ കോഴവാങ്ങിയതായി സിബിഐ അറിയിച്ചു.

pathram desk 1:
Related Post
Leave a Comment