ന്യൂഡല്‍ഹി: പിഎന്‍ബി വായ്പാ തട്ടിപ്പു നടന്നതോടെ വന്‍ വിമര്‍ശനങ്ങളാണ് ബിജെപി സര്‍ക്കാര്‍ ഏറ്റുവാങ്ങേണ്ടി വരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തേറ്റവും വിലയേറിയ വാച്ച്മാനാണെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ മൗനം പാലിക്കുന്ന മോദിയുടെ നിലപാടിനെ പരിഹസിച്ചാണ് കപില്‍ സിബലിന്റെ പ്രസ്താവന.
‘യുപിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായ 2 ജി സ്‌പെക്ട്രം അഴിമതിയെക്കുറിച്ച് ദിവസവും പ്രസ്താവന ഇറക്കിയിരുന്ന വ്യക്തിയാണ് മോദി. അന്ന് ഖജനാവിന് ഉണ്ടായതില്‍ എത്രയോ ഇരട്ടി നഷ്ടമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. 2 ജി ഇടപാടില്‍ അഴിമതിയില്ലെന്ന് കോടതി വിധിയും വന്നതാണല്ലോ. പ്രധാനമന്ത്രി എന്താണ് ഇപ്പോള്‍ മൗനം പാലിക്കുന്നത്.’ കപില്‍ സിബല്‍ ചോദിച്ചു.
ബാങ്ക് തട്ടിപ്പിനെക്കുറിച്ച് സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്നു മാത്രമാണ് മോദി പറഞ്ഞത്. മോദിക്ക് വീടും വിമാനവുമുണ്ടെന്നും ലോകത്തെ ഏറ്റവും വിലയേറിയ വാച്ച്മാന്‍ മാത്രമായിരിക്കുകയാണ് അദ്ദേഹമെന്നും കപില്‍ സിബല്‍ കുറ്റപ്പെടുത്തി. അദ്ദേഹം നിരീക്ഷകനായിരിക്കുമ്പോഴും രാജ്യത്ത് ഇത്ര വലിയ അഴിമതി നടന്നതിനെക്കുറിച്ച് വിശദീകരിക്കാന്‍ മോദിക്ക് ഉത്തരവാദിത്തമുണ്ടെന്നും നിരവധി ബിജെപി നേതാക്കള്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്നും കപില്‍ സിബല്‍ അഭിപ്രായപ്പെട്ടു.
Leave a Comment