ആര്‍ത്തവ വേദന അനുഭവപ്പെട്ടതിന് യുവതിയെ വിമാനത്തില്‍നിന്നും ഇറക്കിവിട്ടു

ബെര്‍മിംഗ്ഹാം: ആര്‍ത്തവ വേദന അനുഭവപ്പെട്ട യുവതിയെ സുഹൃത്തിനൊപ്പം വിമാനത്തില്‍നിന്ന് ഇറക്കിവിട്ടത് വിവാദമായി. ഇംഗ്ലണ്ടിലെ ബെര്‍മിംഗ്ഹാമില്‍ ശനിയാഴ്ചയാണ് സംഭവം. 24കാരിയായ ബെത്ത് ഇവാനെയും സുഹൃത്ത് 26കാരനായ ജോഷ്വാ മോറനെയുമാണ് വിമാനം യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ഇറക്കി വിട്ടത്. ആര്‍ത്തവ വേദനയെ കുറിച്ച് സുഹൃത്തിനോട് സംസാരിക്കുന്നത് കേട്ട വിമാനത്തിലെ ജീവനക്കാരുടെ അറിയിപ്പിനെ തുടര്‍ന്ന് ഇവരെ ഇറക്കി വിടുകയായിരുന്നു.
എയര്‍ ഹോസ്റ്റസ് ആരോഗ്യത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ബെത്ത് ഏറെ പ്രയാസപ്പെടുന്നുണ്ടായിരുന്നു. കരയാറായ നിലയിലായിരുന്നു ബെത്ത് എന്നും ജോഷ്വാ പറഞ്ഞു. അതേസമയം ബെത്തിന്റെ ആരോഗ്യാവസ്ഥയില്‍ വേണ്ട ശ്രദ്ധ നല്‍കിയില്ലെന്ന് ജോഷ്വ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. താന്‍ ആറര മണിക്കൂര്‍ യാത്ര ചെയ്യാന്‍ പ്രാപ്തയായിരുന്നുവെന്നും എന്നിട്ടും തങ്ങളെ ഇറക്കി വിടുകയുമായിരുന്നുവെന്നും എന്നാല്‍ ഇരുവര്‍ക്കും ട്രിപ്പ് പുന ക്രമീകരിക്കുന്നതിന് 350 ഡോളര്‍ ചെലവായതായും ബെത്ത് പറഞ്ഞു.
അതേസമയം ആരോഗ്യനില മോശമായതിനാലാണ് ബെത്തിനെയും സുഹൃത്തിനെയും വിമാനത്താവളത്തില്‍ ഇറക്കിയതെന്ന് എമിറേറ്റ് വിശദീകരണ കുറിപ്പില്‍ പറഞ്ഞു. വേദനയും അസ്വസ്ഥതയും അുഭവിക്കുന്നതായി യാത്രക്കാരി പറഞ്ഞു. ഇതോടെ പൈലറ്റ് വൈദ്യസഹായം ആവശ്യപ്പെടുകയും ബെത്തിനെയും ജോഷ്വായെയും ഇറക്കി യാത്ര തുടരാന്‍ തീരുമാനിക്കുകയും ചെയ്തു. ബെത്തിന് ആവശ്യമായ വൈദ്യ സഹായം നല്‍കിയതായും എമിറേറ്റ്‌സ് വ്യക്തമാക്കി. ദുബൈയിലേക്ക് ഏഴ് മണിക്കൂര്‍ യാത്രയുണ്ടെന്നിരിക്കെ യാത്രക്കാരിയുടെ ആരോഗ്യനില കണക്കിലെടുക്കാതിരിക്കാനാകില്ലെന്നും ബെത്ത് ആരോഗ്യനില വീണ്ടെടുത്തതായി കരുതുന്നതായും എമിറേറ്റ്‌സ് അറിയിച്ചു.

pathram:
Related Post
Leave a Comment