അറുപത്തിയാറ് യാത്രക്കാരുമായി പോയ ഇറാനിയന്‍ വിമാനം തകര്‍ന്നുവീണു!!! മരണസംഖ്യ അവ്യക്തം

ടെഹ്റാന്‍: അറുപത്തിയാറ് യാത്രക്കാരുമായി പോയ ഇറാനില്‍ യാത്രാവിമാനം തകര്‍ന്നുവീണു. ഇസ്ഫഹാന്‍ പ്രവിശ്യയിലെ സമിറോമിലാണ് ദുരന്തം. ടെഹ്റാനില്‍ നിന്ന് യെസൂജിലേക്ക് പോയ എടിആര്‍ 72 വിമാനമാണ് തകര്‍ന്നത്. അടിയന്തരമായി നിലത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്.

അപകടത്തില്‍പ്പെട്ട വിമാനം ആസിമന്‍ എയര്‍ലൈന്‍സിന്റേതാണ്. മരണസംഖ്യ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. 66 പേര്‍ വിമാനത്തിലുള്ളതായാണ് സൂചന. എഴുപത് പേരെ ഉള്‍ക്കൊള്ളാവുന്ന വിമാനമാണിത്. പ്രാദേശിക സമയം രാവിലെ അഞ്ചിന് മെഹ്റാബാദ് വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന വിമാനം 50 മിനിറ്റ് കഴിഞ്ഞപ്പോള്‍ റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. പിന്നീട് ഒരു പുല്‍മൈതാനിയില്‍ അടിയന്തര ലാന്‍ഡിങ്ങിനു ശ്രമിച്ചപ്പോഴാണു വിമാനം തകര്‍ന്നതെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി. വിദൂര മേഖലയായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുണ്ട്.

പര്‍വതമേഖലയായതിനാല്‍ ആംബുലന്‍സ് ഉള്‍പ്പെടെ നേരിട്ടെത്താനും ബുദ്ധിമുട്ടുണ്ട്. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനു ഹെലികോപ്റ്ററുകള്‍ എത്തിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ടെഹ്റാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസിമന്‍ എയര്‍ലൈന്‍സ് ഇറാനിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാന കമ്പനിയാണ്. ടെഹ്റാന്‍-യാസൂജ് മേഖലയില്‍ സര്‍വീസ് നടത്തുന്ന ഒരേയൊരു വിമാന കമ്പനിയും ഇവരാണ്.

pathram desk 1:
Related Post
Leave a Comment