ഷവര്‍മ വാങ്ങി നല്‍കിയില്ല; വിവാഹം കഴിഞ്ഞ് നാല്‍പതാം ദിവസം വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ!

വിവാഹമോചനം ഇന്ന് സാധാരണ സംഭവമായി മാറിക്കഴിഞ്ഞു. ഓരോരുത്തര്‍ക്കും പല കാരണങ്ങളാകാം വിവാഹമോചന നേടാന്‍. എന്നാല്‍ വെറും ഒരു ഷവര്‍മയുടെ പേരില്‍ വിവാഹം മോചനം നേടുക എന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. ഈജിപ്റ്റിലാണ് ഈ അപൂര്‍വസംഭവം നടന്നത്. സമീഹ എന്ന യുവതിയാണ് ഇത്തരത്തില്‍ ഭര്‍ത്താവിനെതിരെ വിവാഹമോചന കേസ് ഫയല്‍ ചെയ്തത്. തന്റെ ഇഷ്ടവിഭവമായ ഷവര്‍മ വാങ്ങി നല്‍കില്ലെന്ന് ഭര്‍ത്താവ് പറഞ്ഞതാണ് യുവതിയെ ചൊടിപ്പിച്ചത്. വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്.

എന്നാല്‍ ആവശ്യമില്ലാതെ പുറത്ത് പോകുന്നത് പണത്തിന് അധിക ചെലവാണെന്നാണ് ഭര്‍ത്താവ് പറയുന്നത്. ഭര്‍ത്താവിന്റെ ഈ സ്വഭാവം വിവാഹത്തിന്റെ ആദ്യ നാളുകളില്‍ തന്നെ ഞെട്ടിച്ചുവെന്നാണ് യുവതി പറയുന്നത്. നാല്‍പ്പത് ദിവസം ഒരുമിച്ച് ജീവിച്ചിട്ടും തങ്ങള്‍ എവിടെയും പോയില്ലെന്നും ഒടുവില്‍ തന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഭര്‍ത്താവ് പുറത്തുകൊണ്ട് പോയ ദിവസമാണ് ഇത്തരമൊരു സംഭവം നടന്നത്.

പുറത്ത് പോയപ്പോള്‍ തനിക്കൊരു ഷവര്‍മ വാങ്ങി തരാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഒരു ജ്യൂസ് വാങ്ങി നല്‍കിയെന്നും അതുകൊണ്ട് തൃപ്തിപ്പെടണമെന്നുമായിരുന്നു ഭര്‍ത്താവിന്റെ നിലപാട്. ജ്യൂസ് വാങ്ങിതന്നതിന് ശേഷം ഷവര്‍മ ആവശ്യപ്പെടുന്നത് തന്റെ പൈസ പാഴാക്കി കളയാനാണെന്നും ഭര്‍ത്താവ് ആരോപിച്ചു. ഇത് കേട്ട് തകര്‍ന്നു പോയ താന്‍ കുടുംബാംഗങ്ങളോട് ഇക്കാര്യം പറഞ്ഞുവെന്നും പിന്നീടാണ് വിവാഹ മോചന കേസ് കൊടുത്തതെന്നും യുവതി വ്യക്തമാക്കി. കേസ് ഈജിപ്ഷ്യന്‍ കോടതിയുടെ പരിഗണനയിലാണ്.

pathram desk 1:
Related Post
Leave a Comment