കളി നിര്‍ത്താന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല, ഇനിയും കൂടുതലൊന്നും ചെയ്യാനില്ല എന്നു തോന്നുമ്പോള്‍ ഞാന്‍ കളി മതിയാക്കാനാണ് തീരുമാനം എന്നും യുവി

മുംബൈ: തനിക്ക് കളി നിര്‍ത്തേണ്ട സമയമായിട്ടില്ലെന്ന് യുവരാജ് സിംഗ്. തോന്നുമ്പോള്‍ കളി നിര്‍ത്താനാണ് തനിക്ക് ഇഷ്ടമെന്നും യുവി പറയുന്നു. എന്നെക്കൊണ്ട് സാധിക്കുന്നതിന്റെ പരമാവധി നല്‍കിക്കഴിഞ്ഞു എന്ന് തോന്നുമ്പോള്‍, ഇനിയും കൂടുതലൊന്നും ചെയ്യാനില്ല എന്നു തോന്നുമ്പോള്‍ ഞാന്‍ കളി മതിയാക്കും. അതുവരെ എന്നെ ക്രിക്കറ്റ് മൈതാനത്ത് കാണാം യുവി പറഞ്ഞു.

ഇപ്പോഴും കളി ആസ്വദിക്കാന്‍ കഴിയുന്നതിനാലാണ് ഞാന്‍ കളത്തില്‍ തുടരുന്നതെന്നും അല്ലാതെ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ വേണ്ടിയോ ഐപിഎല്‍ കളിക്കേണ്ടതുണ്ടതുകൊണ്ടോ അല്ലെന്നും പറഞ്ഞ താരം കളിക്കുന്നതിന്റെ പ്രചോദനം തീര്‍ച്ചയായും ഇന്ത്യന്‍ ടീമിലേക്കുള്ള പുനപ്രവേശനമാണെന്നും വ്യക്തമാക്കി. ഇനിയും രണ്ടോ മൂന്നോ ഐപിഎല്‍ സീസണുകളില്‍ കളിക്കാനാകുമെന്നാണ് എന്റെ പ്രതീക്ഷയെന്നും താരം പറയുന്നു.

‘എന്നും വെല്ലുവിളികള്‍ നേരിടാന്‍ ഇഷ്ടപ്പെടുന്ന ഒരു പോരാളിയായിരുന്നു ഞാന്‍. ആളുകള്‍ക്ക് ബലം നല്‍കുന്ന വ്യക്തിയായി നില്‍ക്കാനാണ് എനിക്കിഷ്ടം. അര്‍ബുദം മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും അതുപോലുള്ള സാഹചര്യങ്ങള്‍ നേരിടുന്നവര്‍ക്കും ബലം കൊടുത്ത് കൂടെ നില്‍ക്കണം. എക്കാലവും പോരാടിയ വ്യക്തിയായി അറിയപ്പെടാനാണ് എനിക്കിഷ്ടം.’ താരം പറഞ്ഞു.

കരിയറില്‍ കൂടുതല്‍ ടെസ്റ്റ് മല്‍സരങ്ങള്‍ കളിക്കണമെന്ന് ആഗ്രഹിച്ചിരുന്ന താരമാണ് താനെന്നും യുവരാജ് പറഞ്ഞു. ‘വളരുന്ന സമയത്ത് ഒരുപാട് ദ്വിദിന, ത്രിദിന മല്‍സരങ്ങള്‍ ഞാന്‍ കളിച്ചിട്ടുണ്ട്. ഏകദിന, ട്വന്റി-20 മല്‍സരങ്ങള്‍ കളിക്കുന്നത് കൂടുതല്‍ എളുപ്പമായതിനാല്‍ ടെസ്റ്റ് കളിക്കാനായിരുന്നു എനിക്കു താല്‍പര്യം. എന്നാല്‍, ടീമില്‍ ഇടം കണ്ടെത്തുക എളുപ്പമായിരുന്നില്ലെന്നും യുവി പറഞ്ഞു.

ടീമില്‍ ഇടം കണ്ടെത്താന്‍ ഞാന്‍ മത്സരിച്ചിരുന്നത് സൗരവ് ഗാംഗുലി, ലക്ഷ്മണ്‍ തുടങ്ങിയ താരങ്ങളുമായിട്ടായിരുന്നു. 2004ല്‍ ഓസ്ട്രേലിയയ്ക്കെതിരെ ചെന്നൈയില്‍ ഞാന്‍ ടെസ്റ്റ് ഓപ്പണ്‍ ചെയ്തിട്ടുണ്ട്. അന്ന് ആദ്യ ഇന്നിങ്സില്‍ എട്ടു റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിങ്സില്‍ ഏഴു റണ്‍സില്‍ നില്‍ക്കെ മഴ പെയ്ത് മല്‍സരം തടസ്സപ്പെട്ടു.

അങ്ങനെ ആ അവസരം നഷ്ടമായി. തുടര്‍ന്ന് ഞാന്‍ മധ്യനിരയിലേക്ക് മാറ്റപ്പെട്ടു. പിന്നീട് ഗാംഗുലി വിരമിച്ചപ്പോഴാണ് സ്ഥിരമായൊരു സ്ഥാനം കിട്ടിയത്. തൊട്ടുപിന്നാലെ എനിക്ക് അര്‍ബുദം ബാധിച്ചതായി കണ്ടെത്തി. ഏറ്റവും നിര്‍ണായക ഘട്ടത്തില്‍ അര്‍ബുദം ബാധിച്ചത് കരിയറിനെ ബാധിച്ചു. ഈ സമയത്ത് എനിക്ക് 29 വയസ്സായിരുന്നു പ്രായം. അങ്ങനെ സംഭവിച്ചിരുന്നില്ലെങ്കില്‍ 80ല്‍ അധികം ടെസ്റ്റ് കളിക്കാന്‍ എനിക്കു സാധിക്കുമായിരുന്നു. എങ്കിലും എനിക്കു ഖേദമില്ല യുവി പറയുന്നു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment