പത്തനംതിട്ട: മൂന്ന് സഹപാഠികൾ നിരന്തരം മാനസികമായി പീഡിപ്പിച്ചതാണ് ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിലെ നാലാം വർഷ വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ കലാശിച്ചതെന്ന് പൊലീസ്. മാസങ്ങൾക്ക് മുൻപുവരെ അടുത്ത സുഹൃത്തുക്കളായിരുന്നു അമ്മുവും ഇവരും. സൗഹൃദത്തിൽ വിള്ളലുണ്ടായതോടെ അമ്മുവിനെ നിരന്തരം പീഡിപ്പിച്ചു. ശാരീരിക ഉപദ്രവത്തിനും ശ്രമിച്ചതായി പൊലീസ് പറഞ്ഞു. 15ന് ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽനിന്ന് വീണ് ഗുരുതര പരുക്കേറ്റ അമ്മു ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മൂന്നു സഹപാഠികളെയും പൊലീസ് അറസ്റ്റു ചെയ്തു. ആത്മഹത്യാ പ്രേരണയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
സുഹൃത്തുക്കൾക്കിടയിലെ ചെറിയ പ്രശ്നങ്ങൾ തർക്കങ്ങളിലൂടെ വലുതാകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ലാബിൽ ഉപയോഗിക്കുന്ന ലോഗ് ബുക്ക് നവംബർ ആദ്യ ആഴ്ച നഷ്ടമായതാണ് തർക്കം രൂക്ഷമാക്കിയത്. അമ്മു ഈ ബുക്ക് എടുത്തെന്നായിരുന്നു മൂന്ന് സുഹൃത്തുക്കളുടെയും ആരോപണം. ബുക്ക് നഷ്ടപ്പെട്ട കുട്ടി പരാതി നൽകിയില്ല. അധ്യാപിക വഴി ഇക്കാര്യം പ്രിൻസിപ്പലിനെ അറിയിച്ചു. പ്രിൻസിപ്പൽ രക്ഷിതാക്കളുടെ യോഗം വിളിച്ചു. നവംബർ 13നായിരുന്നു യോഗം.
അമ്മുവിന്റെ അച്ഛന് വരാൻ അസൗകര്യം ഉള്ളതിനാൽ 18ലേക്ക് യോഗം മാറ്റി. എന്നാൽ നവംബർ 15ന് അമ്മു ഹോസ്റ്റൽ കെട്ടിടത്തിൽനിന്നും വീണു. ലോഗ് ബുക്കിനുവേണ്ടി സഹപാഠികൾ അമ്മുവിന്റെ മുറിയിൽ പരിശോധന നടത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. മുറിയിലെ സാധനങ്ങൾ വലിച്ചുവാരിയിട്ടു. കള്ളി എന്നു വിളിച്ച് കളിയാക്കിയതായും ആരോപണമുണ്ട്. സുഹൃത്തുക്കളുടെ മാനസിക പീഡനം സംബന്ധിച്ച് അമ്മുവിന്റെ വീട്ടുകാർ കോളജിന് പരാതി നൽകിയിരുന്നു. 18ലെ യോഗത്തിനു മുൻപ് ലോഗ് ബുക്ക് കിട്ടിയില്ലെങ്കിൽ പരാതിയുമായി മുന്നോട്ടു പോകാമെന്ന നിലപാടിലായിരുന്നു അമ്മുവിന്റെ വീട്ടുകാർ. എന്നാൽ അതിനു മുൻപ് അമ്മു ലോകത്തോട് യാത്ര പറഞ്ഞു.
ടൂർ കോ ഓർഡിനേറ്ററായി അമ്മുവിനെ തീരുമാനിച്ചതിലും മൂന്ന് സുഹൃത്തുക്കൾക്കും എതിർപ്പുണ്ടായിരുന്നു. ക്ലാസ് ടീച്ചറാണ് ടൂർ കോ ഓർഡിനേറ്ററായി അമ്മുവിന്റെ പേര് പറഞ്ഞത്. ഇക്കാര്യം പറഞ്ഞ സമയത്ത് ക്ലാസിൽ എതിർപ്പുണ്ടായിരുന്നില്ല. പിന്നീട് മൂന്നു സുഹൃത്തുക്കൾ അതിനെതിരെ ക്ലാസിൽ സംസാരിച്ചതായി പൊലീസിനു വിവരം ലഭിച്ചു. കോളജ് കോംപൗണ്ടിൽവച്ച് ഈ മൂന്നുപേർ അമ്മുവിനെ നിരന്തരം പരിഹസിച്ചിരുന്നതായും പൊലീസ് പറയുന്നു.
വിദ്യാർഥികളുടെയും കോളജ് അധികൃതരുടെയും കുടുംബത്തിന്റെയും മൊഴികളുടെ അടിസ്ഥാനത്തിലും അമ്മു ചില വിവരങ്ങള്‍ രേഖപ്പെടുത്തിവച്ചത് തെളിവായി സ്വീകരിച്ചുമാണ് മൂന്നു വിദ്യാർഥിനികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അമ്മുവിന്റെയും അറസ്റ്റിലായവരുടെയും ഫോണുകൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. വിദ്യാർഥികളെ ആവശ്യമെങ്കിൽ കസ്റ്റഡിൽ ആവശ്യപ്പെടും.
അതേസമയം അമ്മുവിന്റെ മരണത്തിലെ മൂന്ന് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചില്ല. പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ജുഡീഷണല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. പ്രതികളെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. അതേസമയം അമ്മുവിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സര്‍ക്കാരിനെ സമീപിക്കും.
അലീന ദിലീപ്, എ.ടി അഷിത, അഞ്ജന മധു എന്നിവരാണ് പ്രതികള്‍. പ്രതികളെ റിമാന്‍ഡ് ചെയ്യണമെന്നാണ് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. ജാമ്യം നല്‍കിയാല്‍ അന്വേഷണം തടസ്സപെടുത്താന്‍ ഇടപെട്ടേക്കുമെന്നും വാദിച്ചു. കേസിനു ഗൗരവ സ്വഭാവം എന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടേ സാഹചര്യം നിലനില്‍ക്കുന്നുവെന്നും പൊലീസ് കോടതിയെ അറിയിച്ചു.
ഇനി കസ്റ്റഡി കൊടുക്കരുതെന്നും ഇടക്കാല ജാമ്യം വേണമെന്നുമായിരുന്നു പ്രതി ഭാഗത്തിന്റെ ആവശ്യം. ആത്മഹത്യാപ്രേരണ കുറ്റം നിലനില്‍ക്കില്ലെന്നും പ്രതികളായ പെണ്‍കുട്ടികളുടെ പ്രായം പരിഗണിക്കണമെന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. ലോഗ് ബുക്ക് കാണാതായതില്‍ ദുരൂഹതയുണ്ടെന്നും അത് കണ്ടെത്താന്‍ ഇവരെ കസ്റ്റഡിയില്‍ വിടണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ സി ഐ ഷിബു കുമാര്‍ കോടതിയെ അറിയിച്ചു. ജാമ്യം കൊടുത്താല്‍ പ്രതികള് തെളിവ് നശിപ്പിക്കും. മൊബൈല്‍ ഫോണില്‍ തെളിവുകള്‍ ഉണ്ട് – അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ വ്യക്തമാക്കി.
കഴിഞ്ഞ പതിനഞ്ചാം തീയതി വൈകിട്ട് നാലരയോടെയാണ് അമ്മു എ സജീവ് എന്‍എസ്എസ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയത്. വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ അമ്മുവിനെ അരമണിക്കൂറിലധികം സമയം കഴിഞ്ഞാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. അമ്മു താമസിച്ച ഹോസ്റ്റലില്‍ നിന്നും ജനറല്‍ ആശുപത്രിയിലേക്കുള്ള ദൂരം 2.6 കിലോമീറ്റര്‍ മാത്രമാണ് എന്നിരിക്കയാണ് ഈ സമയവ്യത്യാസം.
5.18 ന് ആശുപത്രിയില്‍ എത്തിച്ച അമ്മുവിനെ തിരുവനന്തപുരത്തേക്ക് റഫര്‍ ചെയ്തത് 6.55 ന്. ഗുരുതരമായി പരുക്കേറ്റ അമ്മു പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞത് ഒരു മണിക്കൂര്‍ 37 മിനിറ്റാണ്. ഇതിനിടയില്‍ ഗുരുതരാവസ്ഥയിലുള്ള അമ്മുവിന് എക്സ്റേ എടുക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും അതിനും താമസം നേരിട്ടു. അമ്മുവിനെ 60 കിലോമീറ്റര്‍ ദൂരമുള്ള കോട്ടയം മെഡിക്കല്‍ കോളേജിലേജിലേക്ക് റഫര്‍ ചെയ്യാതെ എന്തിന് നൂറു കിലോമീറ്ററില്‍ അധികം ദൂരമുള്ള തിരുവനന്തപുരത്തേക്ക് റഫര്‍ ചെയ്തു എന്ന കാര്യത്തിലും ഇനിയും ഉത്തരം ലഭിക്കാനുണ്ട്. അമ്മുവിനെ കൊണ്ടുപോയ ആംബുലന്‍സില്‍ ആവശ്യത്തിനു സൗകര്യമില്ലായിരുന്നു എന്നും ആക്ഷേപമുണ്ട്. മാത്രമല്ല കേസില്‍ ആരോപണ വിധേയരായ മൂന്ന് കുട്ടികളില്‍ ഒരാളും അമ്മുവിനൊപ്പം ഹോസ്പിറ്റലില്‍ എത്തി. എല്ലാ ആരോപണങ്ങളും അന്വേഷണ പരിധിയില്‍ ഉണ്ടെന്നാണ് പൊലീസ് വിശദീകരണം.
Leave a Comment