മോഹന്‍ലാലും മമ്മൂട്ടിയും ഏറ്റുമുട്ടുമെന്ന് ഉറപ്പായി… കുഞ്ഞാലി മരക്കാറില്‍ നിന്ന് പിന്മാറിയിട്ടില്ലെന്ന് ഷാജി നടേശന്‍!!!

കൊച്ചി: കുഞ്ഞാലി മരക്കാറില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്ന് വ്യക്തമാക്കി ഷാജി നടേശന്‍. കുഞ്ഞാലി മരക്കാര്‍ പ്രീ പ്രൊഡക്ഷന്‍ വര്‍ക്ക് നന്നായി പോയി കൊണ്ടിരിക്കുകയാണെന്നും അടുത്ത ജൂണ്‍ മാസത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകന്‍ സന്തോഷ് ശിവന്‍ തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് എടുത്ത സെല്‍ഫിയോടെയായിരുന്നു ഷാജി നടേശന്റെ പോസ്റ്റ്.പ്രിയദര്‍ശന്റെ കുഞ്ഞാലി മരക്കാര്‍ വീണ്ടും പ്രഖ്യാപിച്ചതിന് പിന്നാലെ ഷാജി നടേശന്റെ വെളിപ്പെടുത്തല്‍.

പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ടീമിന്റെ കുഞ്ഞാലി മരക്കാര്‍ പുനരാരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം ഗായകന്‍ എംജി ശ്രീകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ‘ഞങ്ങളുടെ പുതിയ ചിത്രം ‘കുഞ്ഞാലിമരയ്ക്കാര്‍’ ഉടന്‍ ആരംഭിക്കും. ഞങ്ങളെ അനുഗ്രഹിക്കുക. നിങ്ങളെയെല്ലാം സ്‌നേഹിക്കുന്നു.’ എന്നായിരുന്നു എം.ജി ശ്രീകുമാറിന്റെ പോസ്റ്റ് മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിച്ചുള്ള ചിത്രവും അദ്ദേഹം പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.

നേരത്തേ ഒരേസമയമാണ് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ‘കുഞ്ഞാലിമരയ്ക്കാര്‍’ പ്രഖ്യാപിച്ചത്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ പ്രഖ്യാപിച്ചതിനാല്‍ താന്‍ ‘കുഞ്ഞാലിമരയ്ക്കാറി’ല്‍ നിന്ന് പിന്മാറുകയാണെന്ന് പ്രിയദര്‍ശന്‍ അറിയിച്ചിരുന്നു. മലയാളത്തില്‍ രണ്ടുകുഞ്ഞാലിമരയ്ക്കാരുടെ ആവശ്യമില്ല എന്നാണ് അന്ന് പ്രിയന്‍ പറഞ്ഞത്.

എന്നാല്‍ മമ്മൂട്ടിയുടെ ‘കുഞ്ഞാലിമരയ്ക്കാര്‍’ സംബന്ധിച്ച വാര്‍ത്തകളൊന്നും പിന്നീട് വരാതായതോടെ പ്രിയദര്‍ശന്‍ വീണ്ടും തീരുമാനം മാറ്റിയിരുന്നു. എട്ടുമാസം കാത്തിരിക്കുമെന്നും അതിനകം മമ്മൂട്ടി-സന്തോഷ് ശിവന്‍ ടീമിന്റെ ‘കുഞ്ഞാലിമരയ്ക്കാര്‍’ യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ തന്റെ പ്രൊജക്റ്റുമായി മുന്നോട്ടു പോകുമെന്നും പ്രിയന്‍ കഴിഞ്ഞവര്‍ഷം നവംബറില്‍ വ്യക്തമാക്കിയിരുന്നു.

ഇതിനു ശേഷമാണ് ഇപ്പോള്‍ പ്രിയദര്‍ശന്റെ ‘കുഞ്ഞാലിമരയ്ക്കാറി’നു സ്ഥിരീകരണമെന്നോണം എം.ജി ശ്രീകുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. നാവികതലവനായ നാലാമത് കുഞ്ഞാലിമരയ്ക്കാറുടെ സംഭവബഹുലമായ കഥയാണ് ചിത്രം പറയുന്നത് എന്ന് നേരത്തേ പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്രനിലവാരത്തിലായിരിക്കും ചിത്രമെന്നും മലയാളത്തിന് പുറത്തുള്ള കലാകാരന്മാരും ചിത്രത്തില്‍ ഉണ്ടാകുമെന്നും നേരത്തേ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular