കുറഞ്ഞ സമയംകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി ലോകം ഏറ്റെടുത്ത ‘ഒരു അഡാര്‍ ലൗവ് ‘ എന്ന ചിത്രത്തിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനത്തില്‍ പ്രവാചക നിന്ദയുണ്ടെന്നാരോപിച്ച് കേസ് നല്‍കിയ സംഭവം ഏറെ വിഷമമുണ്ടാക്കിയെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലു.
ജബ്ബാറിക്ക 1978 ല്‍ എഴുതിയ പാട്ടാണിത്. അത് മലബാറില്‍ ഒതുങ്ങി നില്‍ക്കാതെ ലോകം മുഴുവന്‍ പാടി നടക്കട്ടെ എന്ന നല്ല ഉദ്ദേശത്തിലാണ് ഈ പാട്ട് ചിത്രീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം പരിപാടികളിലും റിയാലിറ്റി ഷോകളിലുമെല്ലാം സാധാരണമായി പാടാറുള്ള പാട്ടാണിത്. അശ്ലീല രംഗങ്ങളൊന്നും ആ പാട്ടിനൊപ്പം ചേര്‍ത്തിട്ടില്ല. സ്‌കൂള്‍ കൂട്ടികള്‍ യൂണിഫോമിലിരുന്ന പാട്ട് കേള്‍ക്കുന്ന രംഗം മാത്രമാണ് അതിലുള്ളത്.
എനിക്ക് തോന്നുന്നത് കണ്ണിറുക്കി കാണിച്ചതാവാം പ്രശ്നമായതെന്നാണ്. ഒരു മുസ്ലീം പെണ്‍കുട്ടിയാണ് അങ്ങനെ ചെയ്തത് എന്നാണ് ആരോപണമെങ്കില്‍ ആ വിവാദം ആ രീതിയിലാണെന്നെങ്കിലും കരുതാമായിരുന്നു. അദ്ദേഹം പറഞ്ഞു.
കേസ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഇനി എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അത് സഹപ്രവര്‍ത്തകരോട് കൂടിയാലോചിച്ച് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈദരാബാദ് പോലീസിലാണ് എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ അബ്ദുള്‍ മുഖീതിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം യുവാക്കള്‍ പാട്ടിനെതിരെ കേസ് നല്‍കിയത്. ഗാനരംഗത്തില്‍ അഭിനയിച്ച് ഏറെ പ്രേക്ഷക പ്രശംസ ലഭിച്ച നടി പ്രിയാ വാര്യരെയും സംവിധായകന്‍ ഒമര്‍ലുലുവിനേയുമാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്.
ഗാനം ഇംഗ്ലീഷിലേക്ക് താരതമ്യം ചെയ്തപ്പോള്‍ അതില്‍ പ്രവാചകനെ നിന്ദിക്കുന്ന രംഗമുണ്ടെന്നാണ് ഫലഖ്നമ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഐപിസി സെക്ഷന്‍ 295 പ്രകാരമാണ് കേസെടുത്തതെന്ന് ഫല്കനുമ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വി.സത്യനാരായണ വാര്‍ത്താ എജന്‍സിയായ ഐ.എ.എന്‍.എസിനെ അറിയിച്ചു.
Leave a Comment