ന്യൂഡല്‍ഹി: അഡാര്‍ ലവിലെ മാണിക്യ മലരായി എന്നു തുടങ്ങുന്ന ഗാനത്തിനെതിരായ വ്യാജ ട്വീറ്റ് ചര്‍ച്ചയാക്കി പുലിവാല് പിടിച്ച് ആജ്തക് ചാനല്‍. വൈകിട്ടത്തെ ആറു മണി ചര്‍ച്ചയിലാണ് ചാനലിന് അബദ്ധം പറ്റിയത്.
ടൈംസ് നൗ ചാനലിനെ അനുകരിച്ചുള്ള ‘ടൈംസ് ഹൗ’ എന്ന പാരഡി അക്കൗണ്ടില്‍ മൗലാനാ ആതിഫ് ഖദ്രി (വെസ്റ്റ് ബംഗാള്‍ മൈനോരിറ്റി യുണൈറ്റഡ് കൗണ്‍സില്‍) എന്നയാളുടെ പേരില്‍ ഇറങ്ങിയ വ്യാജ ട്വീറ്റാണ് ചര്‍ച്ചയാക്കിയത്.
‘വീഡിയോ വൈറലായത് കൊണ്ട് തങ്ങളുടെ സഹോദരങ്ങളായ മുസ്ലിംങ്ങള്‍ പ്രാര്‍ത്ഥിക്കാന്‍ കണ്ണടച്ചാല്‍ അല്ലാഹുവിന് പകരം പ്രിയയുടെ രൂപമാണ് കാണുന്നതെന്നും ഇത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും അതുകൊണ്ട് പ്രിയക്കെതിരെ തങ്ങള്‍ ഫത്വ പുറപ്പെടുവിക്കുകയാണെന്നുമായിരുന്നു ആതിഫ് ഖദ്രിയുടെ പേരിലുള്ള ട്വീറ്റ്
ആള്‍ട്ട് ന്യൂസാണ് ചാനലിന്റെ അബദ്ധം പുറത്തു കൊണ്ടുവന്നത്. ഹിന്ദിയിലെ മുന്‍നിര ചാനലുകളിലൊന്നാണ് ആജ്തക്. ആജ്തക് മാത്രമല്ല സോഷ്യല്‍ മീഡിയയിലെ പല പ്രമുഖരും ചില മലയാള മാധ്യമങ്ങളും വ്യാജ ട്വീറ്റ് ഷെയര്‍ ചെയ്തിരുന്നു. അഡാര്‍ ലവിലെ ഗാനം മുഹമ്മദ് നബിയെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ച് ഹൈദരാബാദില്‍ ചിത്രത്തിനെതിരെ പരാതി വന്നിരുന്നു.
Leave a Comment