പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യ പരമ്പര ജയമെന്ന നേട്ടം സ്വന്തമാക്കി കോഹ് ലി പ്പട.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആറു മത്സര ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ 73 റണ്‍സിനു ജയിച്ച് ഇന്ത്യ അനിഷേധ്യ ലീഡ് നേടി. ഇന്നലെ പോര്‍ട്ട് എലിസബത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 42.2 ഓവറില്‍ 201 റണ്‍സിനു പുറത്തായി.
92 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 71 റണ്‍സ് നേടിയ ഓപ്പണര്‍ ഹാഷിം അംലയാണ് അവരുടെ ടോപ്‌സ്‌കോറര്‍. ഹെന്റ്‌റിച്ച് ക്ലാസന്‍ 39 റണ്‍സും ഡേവിഡ് മില്ലര്‍ 36 റണ്‍സും നേടി. 32 റണ്‍സ് നേടിയ നായകന്‍ എയ്ഡന്‍ മര്‍ക്രമാണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്‌സ്മാന്‍.
നാലു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ഹര്‍ദ്ദിക് പാണ്ഡ്യ, യൂസ്‌വേന്ദ്ര ചഹാല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ ജസ്പ്രീത് ബുംറയ്ക്കാണ് ഒരു വിക്കറ്റ്.
നേരത്തെ പരമ്പരയിലാദ്യമായി ഫോമിലേക്കുയര്‍ന്ന ഓപ്പണര്‍ രോഹിത് ശര്‍മയുടെ സെഞ്ചുറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിനെ മാന്യമായ നിലയില്‍ എത്തിച്ചത്.
കരിയറിലെ 17ാംഏകദിന സെഞ്ചുറി നേടിയ രോഹിത്, 126 പന്തില്‍ 11 ബൗണ്ടറിയും നാലു സിക്‌സും സഹിതം 115 റണ്‍സെടുത്തു. ഇന്ത്യന്‍ നിരയില്‍ രോഹിതിനു പുറമേ 36 റണ്‍സ് നേടിയ നായകന്‍ വിരാട് കോഹ്ലി, 34 റണ്‍സ് നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന്‍, 30 റണ്‍സ് നേടിയ ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കു മാത്രമാണ് പിടിച്ചു നില്‍ക്കാനായത്.
31.4 ഓവറില്‍ രണ്ടിന് 176 റണ്‍സെന്ന നിലയില്‍ മികച്ച സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യയ്ക്ക് മധ്യനിരയുടെ മോശം പ്രകടനമാണ് വിനയായത്. മുന്‍നിര നല്‍കുന്ന മികച്ച തുടക്കം മുതലാക്കാനാകാതെ മധ്യനിര തകരുന്ന പതിവ് ഇക്കുറിയും ഇന്ത്യന്‍ ഇന്നിങ്‌സില്‍ ആവര്‍ത്തിച്ചു.
54 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 36 റണ്‍സെടുത്ത കോഹ്ലിയും 18 പന്തില്‍ നിന്ന് എട്ടു റണ്‍സ് നേടിയ അജിന്‍ക്യ രഹാനെയും ഇല്ലാത്ത റണ്ണിനോടി വിക്കറ്റ് തുലച്ചത് ഇന്ത്യയെ പിന്നോട്ടടിച്ചു. 17 പന്തില്‍ ഒരു ബൗണ്ടറി ഉള്‍പ്പെടെ 13 റണ്‍സെടുത്ത ധോണി ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയപ്പോള്‍ നേരിട്ട ആദ്യ പന്തില്‍ത്തന്നെ വിക്കറ്റ് കീപ്പര്‍ ക്ലാസനു ക്യാച്ച് സമ്മാനിച്ച് മടങ്ങിയ ഹാര്‍ദിക് പാണ്ഡ്യയും പരാജയമായി.
അവസാന ഓവറുകളില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യയെ 250 കടത്തിയത്. 20 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 19 റണ്‍സെടുത്ത് ഭുവി പുറത്താകാതെ നിന്നു. കുല്‍ദീപ് യാദവ് നാലു പന്തില്‍ രണ്ടു റണ്‍സോടെ കൂട്ടുനിന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് വാനും രോഹിതും ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 7.2 ഓവറില്‍ ഇരുവരും 48 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ധവാന്‍ മടങ്ങിയ ശേഷം കോഹ്ലിക്കൊപ്പം ഇന്നിങ്‌സ് പടുത്തുയര്‍ത്തിയ രോഹിത് ഇന്ത്യയെ 100 കടത്തി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 105 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
ഈ നിലയില്‍ മികച്ച സ്‌കോറിലേക്ക് കുതിക്കവെയാണ് കോഹ്ലിയുടെ അനാവശ്യ റണ്ണൗട്ട്. തൊട്ടുപിന്നാലെ രഹാനെയും സമാന രീതിയില്‍ പുറത്തായതോടെ ഇന്ത്യ ബാക്ക്ഫുട്ടിലായി. ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് രോഹിത് ഇന്നിങ്‌സ് മുന്നോട്ട് നയിച്ചെങ്കിലും സെഞ്ചുറിക്കു പിന്നാലെ പുറത്തായത് വന്‍ സ്‌കോറെന്ന ഇന്ത്യന്‍ മോഹങ്ങള്‍ തകര്‍ത്തു.
ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി പേസര്‍ ലുങ്കി എന്‍ഗിഡി ഒന്‍പത് ഓവറില്‍ 51 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.
Leave a Comment