തിരുവനന്തപുരം: എല്ലാ പ്രതിസന്ധികളിലും രാജ്യത്തിനു കൈത്താങ്ങായി നിന്ന സംഘടനയാണ് ആര്‍എസ്എസ് എന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. രാജ്യം അഭിമുഖീകരിച്ച നാലു യുദ്ധങ്ങളിലും ആര്‍എസ്എസ് ചെയ്ത സേവനം എന്താണെന്ന് അറിയണമെങ്കില്‍ ചരിത്രം പഠിക്കണം. ഇന്ത്യ- ചൈന യുദ്ധ സമയത്ത് ഡല്‍ഹിയിലെ ട്രാഫിക് നിയന്ത്രിക്കാനും ക്രമസമാധാനം ഉറപ്പാക്കാനും ആര്‍എസ്എസിനെ നിയോഗിച്ചതു ജവഹര്‍ലാല്‍ നെഹ്‌റു ആയിരുന്നെന്ന കാര്യം സിപിഎം മനഃപൂര്‍വ്വം വിസ്മരിക്കുന്നതാണ്. ഇതിന്റെ പ്രത്യുപകാരം എന്ന നിലയില്‍ റിപ്പബ്ലിക് ദിന പരേഡില്‍ ആര്‍എസ്എസ് ഇന്ത്യന്‍ സൈന്യത്തിനൊപ്പം മാര്‍ച്ച് ചെയ്തിട്ടുണ്ടെന്ന കാര്യം പിണറായി വിജയന് അറിയുമോ?
അതിര്‍ത്തികളില്‍ സൈന്യത്തിനൊപ്പം തോളോടു തോള്‍ ചേര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തിക്കുമ്പോള്‍ ഇന്ത്യന്‍ സൈന്യത്തിനു രക്തം ദാനം ചെയ്ത സഖാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനെപ്പറ്റി സിപിഎം ചര്‍ച്ച നടത്തുകയായിരുന്നുവെന്നും കുമ്മനം കുറ്റപ്പെടുത്തി.
ആര്‍എസ്എസ്സിനെ ദേശസ്‌നേഹം പഠിപ്പിക്കാന്‍ മുതിരാതെ സ്വന്തം പാര്‍ട്ടി സെക്രട്ടറിയോട് അദ്ദേഹത്തിന്റെ ജന്മനാട് ചൈനയല്ല ഇന്ത്യയാണെന്നു പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുകയാണു നല്ലതെന്നും കുമ്മനം സമൂഹമാധ്യമത്തിലെ കുറിപ്പില്‍ പറഞ്ഞു. സൈന്യത്തെപ്പറ്റിയുള്ള മോഹന്‍ ഭഗവതിന്റെ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണു കുമ്മനത്തിന്റെ വിശദീകരണം.
ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവതിന്റെ പ്രസംഗം വളച്ചൊടിച്ചു വിവാദമാക്കി അതിന്മേല്‍ ചര്‍ച്ച നടത്തുന്നതു രാഷ്ട്രീയ കുബുദ്ധി എന്നതിനപ്പുറം ഒന്നുമല്ല. രാജ്യത്തിന് അടിയന്തിര ആവശ്യമുണ്ടായാല്‍, ഭരണഘടന അനുവദിച്ചാല്‍ ജനങ്ങളെ യുദ്ധസന്നദ്ധരാക്കാന്‍ സൈന്യത്തിന് ആറു മാസമെങ്കിലും എടുക്കും, അതേസമയം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു തയാറാകാന്‍ മൂന്നു ദിവസം മാത്രമേ ആവശ്യമായി വരികയുള്ളൂ. കാരണം സംഘ സ്വയംസേവകര്‍ നിത്യേന പരിശീലനം നടത്തുന്നവരാണ്. ഇതാണു ഭഗവത് പറഞ്ഞതിന്റെ രത്‌നച്ചുരുക്കം.
ഇതില്‍ എവിടെയാണു സൈന്യത്തെ അവഹേളിക്കുന്ന ഭാഗമുള്ളതെന്നു ബന്ധപ്പെട്ടവര്‍ വിശദീകരിക്കണം. ഈ വാക്കുകളെയാണു മൂന്നു ദിവസം കൊണ്ട് ആര്‍എസ്എസിനു സൈന്യം ഉണ്ടാക്കാന്‍ സാധിക്കും എന്നു വളച്ചൊടിച്ചത്. കുപ്രസിദ്ധമായ ഒരു ഇടതുപക്ഷ വെബ് പോര്‍ട്ടല്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ചുവടു പിടിച്ചാണ് ഇപ്പോള്‍ വിവാദങ്ങള്‍ അരങ്ങേറുന്നത്. ഇതു രാഷ്ട്രീയ ഗൂഢാലോചനയാണെന്നും കുമ്മനം കുറ്റപ്പെടുത്തി.
ആര്‍എസ്എസിനെ എതിര്‍ക്കാന്‍ വേണ്ടിയാണെങ്കിലും ഇന്ത്യന്‍ സൈന്യത്തെ അനുകൂലിക്കാന്‍ സിപിഎം നേതാക്കള്‍ തയാറായതു സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. ഇന്ത്യന്‍ സൈന്യം അവസരം കിട്ടുമ്പോഴെല്ലാം സ്ത്രീകളെ ബലാത്സംഗം ചെയ്തു രസിക്കുന്നവരാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായം ഈ അവസരത്തിലെങ്കിലും ഉപേക്ഷിച്ചോ എന്ന് അറിയാന്‍ താത്പര്യമുണ്ട്.
ഭാരതത്തെ രണ്ടായല്ല 17 ആയി വെട്ടിമുറിക്കണമെന്നു പറഞ്ഞ, സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത, ഗാന്ധിജിയെയും സുഭാഷ് ചന്ദ്രബോസിനെയും അവഹേളിച്ച, ക്വിറ്റ് ഇന്ത്യാ സമരത്തെ അട്ടിമറിക്കാന്‍ ബ്രിട്ടിഷുകാരില്‍നിന്ന് അച്ചാരം വാങ്ങിയ, ഇന്ത്യചൈന യുദ്ധ സമയത്ത് ചൈനാ അനുകൂല നിലപാട് സ്വീകരിച്ച, സായുധ വിപ്ലവത്തിലൂടെ ഇന്ത്യന്‍ ഭരണം പിടിച്ചെടുക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ ചരിത്രമുള്ളവരാണ് സിപിഎമ്മുകാര്‍. ആ പാര്‍ട്ടിയുടെ നേതാക്കളില്‍ നിന്നു ദേശസ്‌നേഹം പഠിക്കേണ്ട ഗതികേട് ആര്‍എസ്എസിനും ബിജെപിക്കുമില്ലെന്നും കുമ്മനം സമൂഹമാധ്യമത്തില്‍ കുറിച്ചു.
ആര്‍എസ്എസ് ഇന്ത്യന്‍ സൈന്യത്തിനൊപ്പം മാര്‍ച്ച് ചെയ്തിട്ടുണ്ടെന്ന കാര്യം പിണറായി വിജയന് അറിയുമോ? രാജ്യത്തിന് ചെയ്ത സേവനങ്ങള്‍ അറിയണമെങ്കില്‍ ചരിത്രം പഠിക്കണമെന്ന് കുമ്മനം
Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment