‘തെരഞ്ഞെടുപ്പ് ഹിന്ദുവിന് ബെല്ലാരിയിലേക്ക് സ്വാഗതം’ കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്ന രാഹുലിനെ പരിഹസിച്ച് യെദിയൂരപ്പ

ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹാസിച്ച് കര്‍ണാടക ബി.ജെ.പി പ്രസിഡന്റ് ബി.എസ്.യെദിയൂരപ്പ. തെരഞ്ഞെടുപ്പ് ഹിന്ദുവിന് ബെല്ലാരിയിലേക്ക് സ്വാഗതം എന്ന് പറഞ്ഞുകൊണ്ട് ട്വിറ്ററിലൂടെയായിരുന്നു യദിയൂരപ്പയുടെ പരിഹാസം.

ഇന്ത്യയില്‍ എവിടെയെല്ലാം രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയോ അവിടെയൊക്കെ ബി.ജെ.പി വിജയിച്ച ചരിത്രമാണുള്ളതെന്നും കോണ്‍ഗ്രസ് മുക്ത കര്‍ണാടക എന്ന സ്വപ്നം രാഹുല്‍ ഗാന്ധി തന്നെ നിറവേറ്റുമെന്നും യദിയൂരപ്പ ട്വീറ്റ് ചെയ്തു.

ശനിയാഴ്ചയാണ് രാഹുല്‍ ഗാന്ധിയുടെ നാല് ദിവസത്തെ കര്‍ണാടക സന്ദര്‍ശനം ആരംഭിക്കുന്നത്. പൊതുയോഗങ്ങള്‍ക്കും റോഡ് ഷോയ്ക്കും പുറമേ, ക്ഷേത്രങ്ങള്‍, മഠങ്ങള്‍, ദര്‍ഗകള്‍ എന്നിവിടങ്ങളിലും രാഹുല്‍ സന്ദര്‍ശനം നടത്തും. കര്‍ഷകരും, സ്ത്രീകളും, വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും. ആദിവാസി മേഖലകളിലും പ്രചാരണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച പ്രചരണ തന്ത്രങ്ങള്‍ കര്‍ണാടകയിലും ആവര്‍ത്തിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

pathram desk 1:
Related Post
Leave a Comment