യുഎസില്‍ വീണ്ടും സാമ്പത്തിക പ്രതിസന്ധി

വാഷിങ്ടന്‍: ധനകാര്യ ബില്‍ പാസാകാത്തതിനെ തുടര്‍ന്ന് യുഎസില്‍ വീണ്ടും സാമ്പത്തിക പ്രതിസന്ധി. കോണ്‍ഗ്രസിലെ ഒരേയൊരു സെനറ്ററിന്റെ എതിര്‍പ്പാണ് പ്രതിസന്ധിയുണ്ടാകാന്‍ കാരണം. മൂന്നാഴ്ചയ്ക്കിടെ യുഎസില്‍ ഉടലെടുത്തിരിക്കുന്ന രണ്ടാമത്തെ സാമ്പത്തിക പ്രതിസന്ധിയാണിത്. ബില്‍ പാസാക്കാന്‍ സാധിക്കാതിരുന്നതിനാല്‍ ജനുവരിയിലും ഫെഡറല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം സ്തംഭിച്ചിരുന്നു.
ഇത്തവണ ബില്ലിനെ എതിര്‍ത്തു രംഗത്തെത്തിയത് റിപ്പബ്ലിക്കന്‍ സെനറ്ററായ റാന്‍ഡ് പോളാണ്. ട്രംപ് സര്‍ക്കാരിന്റെ കുടിയേറ്റ നയത്തില്‍ പ്രതിഷേധിച്ചു ജനുവരിയില്‍ പ്രതിപക്ഷമായ ഡമോക്രാറ്റിക് പാര്‍ട്ടി സെനറ്റില്‍ സാമ്പത്തിക ബില്ലിനെതിരെ വോട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് മൂന്നു ദിവസം പണമില്ലാതെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടി വന്നു. കുട്ടികളായിരിക്കുമ്പോള്‍ യുഎസിലേക്ക് കുടിയേറിയ ഏഴുലക്ഷത്തിലേറെ പേര്‍ക്ക് നല്‍കിയ താല്‍ക്കാലിക നിയമസാധുത ട്രംപ് ഭരണകൂടം പിന്‍വലിച്ചതാണ് ഡമോക്രാറ്റുകളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.
വൈറ്റ് ഹൗസിലെ 1700 ജീവനക്കാരില്‍ 1056 പേര്‍ നിര്‍ബന്ധിത അവധിയിലാണ്. 13 ലക്ഷം സൈനികരും പതിവുപോലെ ജോലി തുടരും. എന്നാല്‍ ശമ്പളമുണ്ടാകില്ല. ദേശീയ പാര്‍ക്കുകള്‍, മ്യൂസിയം തുടങ്ങിയവ അടഞ്ഞു കിടക്കും. സാമൂഹിക സുരക്ഷ, എയര്‍ ട്രാഫിക് കണ്‍ട്രോള്‍, ഗതാഗത സുരക്ഷ, തപാല്‍ തുടങ്ങിയവ പ്രവര്‍ത്തിക്കും.

pathram:
Related Post
Leave a Comment