സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകളുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ടുട്ടാക്കിയ ഐ.ടി ഉദ്യോഗസ്ഥന്‍ പിടിയില്‍

മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി എന്‍സിപി നേതാവ് ശരത് പവാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ ഐടി ഉദ്യോസ്ഥന്‍ അറസ്റ്റില്‍. മുംബൈ സ്വദേശി നിതിന്‍ സിസോദ്(39) ആണ് പൊലീസ് പിടിയിലായത്.

സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ നിതിന്റെ ലാപ്ടോപ്, രണ്ടു മൊബൈല്‍ ഫോണ്‍, റൂട്ടര്‍, മറ്റ് കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു. ഐടി നിയമം, ഐപിസി വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സച്ചിന്റെ പഴ്സനേല്‍ അസിസ്റ്റന്റിന്റെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. ലണ്ടനില്‍ പഠിക്കുകയാണു സാറ. വ്യാജ അക്കൗണ്ട് വിവരം അറിഞ്ഞപ്പോള്‍ സച്ചിന്‍ ഞെട്ടിയെന്നു പിഎ പറഞ്ഞു.

@sarasachin_rt എന്ന അക്കൗണ്ടില്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാരെ കുറിച്ചു നിരവധി പരാമര്‍ശങ്ങളാണുള്ളത്. ‘എസ്പി (ശരദ് പവാര്‍) മഹാരാഷ്ട്രയെ കൊള്ളയടിച്ചത് എല്ലാവര്‍ക്കുമറിയാം. കേന്ദ്രത്തിലും ഇതുപോലെ ചെയ്തെന്നതു കുറച്ചുപേര്‍ക്കേ അറിയൂ’ എന്നായിരുന്നു ഒടുവിലിട്ട പ്രതികരണം. അന്വേഷണത്തില്‍ ഇത് വ്യാജ അക്കൗണ്ട് ആണെന്നു മനസ്സിലായതിനെത്തുടര്‍ന്നാണു അറസ്റ്റെന്നു പൊലീസ് പറഞ്ഞു.

സാറയോടുള്ള പ്രണയം മൂത്തു വീട്ടിലേക്കു നിരവധി തവണ വിളിക്കുകയും തട്ടിക്കൊണ്ടു പോകുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത വെസ്റ്റ് ബംഗാളിലെ ഹാല്‍ദിയയില്‍ നിന്നുള്ള ദേബ് കുമാര്‍ മെയ്തിയെ ജനുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നു.

pathram desk 1:
Leave a Comment