അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി. നടിയെ ആക്രമിച്ച കേസില്‍ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കാനാകില്ലെന്ന് കോടതിവിധി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. അതേസമയം കേസിന്റെ വിചാരണ എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റി. ഞാനിവിടെ കിടക്കും കാശുള്ളവന്‍ രക്ഷപ്പെടുമെന്ന് പള്‍സര്‍ സുനി പറഞ്ഞു. അങ്ങനെയാണ് തന്റെ തോന്നലെന്നും സുനി പ്രതികരിച്ചു. വിചാരണയ്ക്കെത്തിയപ്പോഴാണ് പള്‍സര്‍ സുനി മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്.
ദിലീപിന് നല്‍കാന്‍ കഴിയുന്ന 760 രേഖകളും സിസിടിവി ദൃശ്യങ്ങളും പൊലീസ് നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. രണ്ട് ഹര്‍ജികളാണ് ദിലീപ് നല്‍കിയിരുന്നത്.
കേസില്‍ ദിലീപ് കുറ്റപത്രവും അനുബന്ധ രേഖകളും കൈപ്പറ്റിയിരുന്നു. അതേസമയം നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കിയിരുന്നില്ല. തുടര്‍ന്ന് ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപിന്റെ സാന്നിധ്യത്തില്‍ അവ പരിശോധിക്കാന്‍ അഭിഭാഷകര്‍ക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവെ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാകില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്നതിനാല്‍ ദൃശ്യങ്ങള്‍ നല്‍കാനാകില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയത്. അതേസമയം ദൃശ്യങ്ങളിലെ ചില സംഭാഷണ ശകലങ്ങള്‍ അടര്‍ത്തിമാറ്റി നടിയെ വീണ്ടും അപമാനിക്കാനുള്ള ശ്രമമാണ് ദിലീപ് നടത്തുന്നതെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്.
ദിലീപ് ഉള്‍പ്പെടെ ഏഴ് പ്രതികളെ ഉള്‍പ്പെടുത്തിയായിരുന്നു അന്വേഷണസംഘം നവംബര്‍ 22 ന് അനുബന്ധകുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇത് അന്ന് തന്നെ മാധ്യമങ്ങള്‍ക്ക് കിട്ടിയിരുന്നു. ഇതിനെതിരെയാണ് ദിലീപ് കോടതിയെ സമീപിച്ചത്. കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് അന്വേഷണസംഘം തന്നെയാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം.
Leave a Comment