ഇതാവണം മാധ്യമപ്രവര്‍ത്തനം… സ്വന്തം വിവാഹം റിപ്പോര്‍ട്ട് ചെയ്ത് മാധ്യമപ്രവര്‍ത്തകന്‍.!!! വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മാധ്യമപ്രവര്‍ത്തകരുടെ ജീവിതം അതിര്‍ത്തിയിലെ പട്ടാളക്കാരെ പോലെ തന്നെ വളരെ വിലപ്പെട്ടതാണ്. എപ്പോ യുദ്ധമുണ്ടാകുന്നോ അപ്പോ സജ്ജരായിരിക്കണം പട്ടാളക്കാര്‍. അതുപോലെ തന്നെയാണ് മാധ്യമ പ്രവര്‍ത്തകരും. സദാസമയം അവര്‍ ജാഗരൂകരായിരിക്കണം. ഏതു സമയത്തും ഏത് അടിയന്തിര സാഹചര്യത്തിലും ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം യഥാര്‍ഥ മാധ്യമപ്രവര്‍ത്തകര്‍. ഇതുകൊണ്ടു തന്നെ ജീവിതത്തില്‍ പലതും അവര്‍ക്ക് ത്യജിക്കേണ്ടിയും വരും. മാധ്യമപ്രവര്‍ത്തകന് അവധി പലപ്പോഴും സ്വപ്നം മാത്രമായി മാറാറുണ്ട്. വീട്ടിലെയോ മറ്റോ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പോലും അവര്‍ക്ക് സാധിക്കുകയുമില്ല.

ഇവിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂര്‍ത്തമായ വിവാഹത്തില്‍ പോലും അവധിയെടുക്കാതെ ജോലി ചെയ്യുകയാണ്. തന്റെ സ്വന്തം വിവാഹമായിരുന്നു പാകിസ്താനിലെ റാസാബാദില്‍ നിന്നുള്ള ഹനന്‍ ബുഖാരി റിപ്പോര്‍ട്ട് ചെയ്തത്. സിറ്റി 41 ചാനലിലാണ് ഹനന്‍ ജോലി ചെയ്യുന്നത്.

ഹനന്റെ റിപ്പോര്‍ട്ടിംഗ് ഇങ്ങനെ:

”ഞാനും എന്റെ കുടുംബവും വളരെ സന്തോഷത്തിലാണ്. എന്റെ മാതാപിതാക്കളാണ് വിവാഹത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം നടത്തി ഞങ്ങളുടെ സ്വപ്നം പൂവണിയിച്ചത്”, ഹനന്‍ പറഞ്ഞു. തുടര്‍ന്ന് വധുവിനടുത്തേക്ക് നടന്ന ഹനന്‍ ”ഞാന്‍ നിനക്ക് വേണ്ടി സ്പോര്‍ട്സ് കാറും സൂപ്പര്‍ ബൈക്കുമെല്ലാം വാങ്ങി, എന്താണ് നിനക്ക് പറയാനുള്ളത്” എന്ന് ചോദിച്ചു. ”ഞാന്‍ ഇന്ന് ഒരുപാട് സന്തോഷത്തിലാണ്. നീ എന്റെ ആദ്യത്തെ സ്വപ്നം യാഥാര്‍ഥ്യമാക്കിത്തന്നു. ഭാവിയിലും എന്റെ എല്ലാ സ്വപ്നങ്ങളും യാഥാര്‍ഥ്യമാക്കി നീ എന്നെ സന്തോഷിപ്പിക്കുമെന്ന് വിശ്വസിക്കുന്നു”, ഹനന്റെ വധു പറഞ്ഞു.

pathram desk 1:
Related Post
Leave a Comment