കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും എം.സ്വരാജ് എം.എല്‍.എയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ എറണാകുളം ജില്ലാ സമ്മേളനം. പിണറായി മുണ്ടുടുത്ത മുസോളിനിയാണെന്ന് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. സുപ്പര്‍ മുഖ്യമന്ത്രി ചമയുകയാണ് പിണറായിയെന്നും സ്വന്തം മന്ത്രിമാരെ പോലും പിണറായി വിശ്വാസത്തില്‍ എടുക്കുന്നില്ലെന്നും സമ്മേളനം വിമര്‍ശിച്ചു.
തൃപ്പൂണിത്തറ എം.എല്‍.എയും ഡി.വൈ.എഫ്.ഐ നേതാവുമായ എം സ്വരാജ് എം.എല്‍.എയ്ക്കെതിരെയും സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. അഹങ്കാരത്തിന്റെ പ്രതിരൂപമാണ് സ്വരാജെന്നായിരുന്നു സി.പി.ഐയുടെ വിമര്‍ശനം. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഇവര്‍ക്ക് സി.പി.ഐയുടെ വോട്ട് വേണമെന്നും എന്നാല്‍ പാര്‍ട്ടിയെ അംഗീകരിക്കാന്‍ സ്വരാജിന് പ്രയാസമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മന്ത്രി ഇ. ചന്ദ്രശേഖരനും വേദിയിലിരിക്കെയായിരുന്നു സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
നേരത്തെ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത സിപി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സി.പി.ഐ.എമ്മിനെ കടന്നാക്രമിച്ചിരുന്നു. സി.പി.ഐയെ ദുര്‍ബലപ്പെടുത്തി എല്‍.ഡി.എഫ് ശക്തിപ്പെടുത്താമെന്ന ധാരണ സി.പി.ഐ.എമ്മിന് വേണ്ടെന്നായിരുന്നു കാനം പറഞ്ഞിരുന്നത്. സി.പി.ഐ.എം ദുര്‍ബലമായാല്‍ എല്‍.ഡി.എഫ് ശക്തിപ്പെടുമെന്ന കാഴ്ചപ്പാട് തിരിച്ച് സി.പി.ഐക്കുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വിരുദ്ധ കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ചൂണ്ടിക്കാണിക്കേണ്ട ബാധ്യത സി.പി.ഐക്കുണ്ട്. അത് നിറവേറ്റുന്നതിനെ തര്‍ക്കമായി കാണേണ്ട. അത് മുന്നണിയിലെ ഐക്യം ശക്തിപ്പെടുത്താനും ശരിയിലേക്ക് സര്‍ക്കാറിനെ കൊണ്ടുപോകാനുമാണ്. സി.പി.ഐ പറയുന്നതാണ് ശരിയെന്ന് മനസ്സിലായതുകൊണ്ടാണ് പാര്‍ട്ടിയിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതെന്നും കാനം പറഞ്ഞിരന്നു.