കെട്ടിടത്തിന് മുകളില്‍നിന്ന് വീണയാള്‍ 20 മിനിട്ടോളം കിടന്നു; ഒടുവില്‍ രക്ഷകയായ അഭിഭാഷക സംഭവം വിശദീകരിക്കുന്നു

കൊച്ചി: എറണാകുളത്ത് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പരസഹായമില്ലാതെ കിടന്നിരുന്നയാള്‍ക്ക് സഹായവുമായെത്തിയ ഹൈക്കോടതിയിലെ അഭിഭാഷക രഞ്ജിനിക്ക് അഭിനന്ദന പ്രവാഹം. മറ്റുള്ളവര്‍ നോക്കിനിന്നപ്പോള്‍ രഞ്ജിനിയാണ് സഹായമഭ്യര്‍ത്ഥിച്ചതും കാര്‍ തടഞ്ഞ് പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ മുന്‍കൈ എടുത്തതും. ഒരു ജീവന്‍ രക്ഷിക്കണമെന്ന ലക്ഷ്യം മാത്രമേ അപ്പോള്‍ തനിയ്ക്കുണ്ടായിരുന്നുള്ളൂവെന്ന് രഞ്ജിനി പറയുന്നു. ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് പത്മ ജങ്ഷനിലെ ലോഡ്ജ് കെട്ടിടത്തില്‍ നിന്ന് തൃപ്രയാര്‍ സ്വദേശിയായ സജി ആന്റോ (46) താഴേക്ക് വീണത്. കണ്ടുനിന്നവര്‍ ഉള്‍പ്പെടെ നിഷ്‌ക്രിയരായി നില്‍ക്കുമ്പോഴാണ് വഴിയിലൂടെ കടന്നുപോവുകയായിരുന്ന രഞ്ജിനി ധൈര്യപൂര്‍വം മുന്നോട്ടുവന്ന് മനുഷ്യത്വം കാട്ടിയത്.
ഈ സംഭവം നടന്നതിനടുത്താണ് ഞാന്‍ താമസിക്കുന്നത്. ഞാനും മകളും കൂടി മെട്രോ സ്‌റ്റേഷനിലേക്ക് പോകുമ്പോഴാണ് സംഭവമുണ്ടായത്. ഒരാള്‍ തലയിടിച്ച് വീഴുകയായിരുന്നു. അയാള്‍ക്ക് കാര്യമായ പരിക്കേറ്റിരുന്നു. കാലിന്റെ മുട്ട് പറിഞ്ഞുപോയിരുന്നു. വസ്ത്രമൊക്കെ കീറി. ചോര ഒഴുകുന്നുണ്ട്. ബോധമില്ലായിരുന്നു. എന്നാല്‍, നല്ലപോലെ ജീവന്‍ തുടിക്കുന്നുണ്ടായിരുന്നു. ഇതുകണ്ട് ഞാന്‍ അടുത്തുനിന്നവരോട് സഹായമഭ്യര്‍ത്ഥിച്ചു. കുറേ പോരോട് പറഞ്ഞു, ഇയാള്‍ക്ക് ജീവനുണ്ട് എങ്ങനെയും രക്ഷിക്കണമെന്നൊക്കെ. അപ്പോള്‍ ചിലരൊക്കെ സഹായിച്ചു. വെള്ളം കൊടുക്കാന്‍ നോക്കി. എന്നാല്‍, ചെറുപ്പക്കാരായ ചിലരൊക്കെ അപ്പോഴും മാറിനില്‍ക്കുന്നുണ്ടായിരുന്നു. ഒരു ഓട്ടോ ഞാന്‍ കൈകാണിച്ച് നിര്‍ത്തിയെങ്കിലും ബോധമില്ലാത്തതിനാല്‍ ഇദ്ദേഹത്തെ ഓട്ടോയില്‍ കയറ്റാന്‍ പറ്റിയില്ല.
അപ്പോള്‍തന്നെ ഞാനെനിക്ക് പരിചയമുള്ള ഒരാശുപത്രിയില്‍ വിളിച്ചു. എന്നാല്‍, അവിടെ അപ്പോള്‍ ആംബുലന്‍സ് ഉണ്ടായിരുന്നില്ല. ആളെ എത്തിക്കുകയാണെങ്കില്‍ എല്ലാവിധ പരിചരണങ്ങളും ഉറപ്പാക്കാമെന്ന് മാനേജര്‍ അറിയിച്ചു. തുടര്‍ന്ന് അതിലേ വന്ന ഒരു കാര്‍ ഞാന്‍ നിര്‍ത്തിച്ചു. അതിലുണ്ടായിരുന്നത് ഒരു ഭാര്യയും ഭര്‍ത്താവുമായിരുന്നു. പെട്ടെന്ന് കാര്യം കേട്ടപ്പോള്‍ അവര്‍ പിന്നോട്ട് നിന്നെങ്കിലും ഒരു ജീവന്‍ രക്ഷിക്കാനാണെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചപ്പോള്‍ അവര്‍ സമ്മതിച്ചു. അങ്ങനെ അവിടെയുണ്ടായിരുന്ന ആളുകളുടെ സഹായത്തോടെ ഇയാളെ കാറില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചു. പിന്നീട്, മാനേജരെ വിളിച്ചപ്പോള്‍ ആള്‍ക്ക് ജീവനുണ്ടായിരുന്നെന്നും ആവശ്യമായ ചികിത്സ ലഭ്യമാക്കിയെന്നും പറഞ്ഞു. കേസുള്ളതിനാല്‍ പോലീസ് എത്തി ആംബുലന്‍സില്‍ കയറ്റി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും അറിയിച്ചു.
താഴെ വീണ സജി 20 മിനിറ്റോളം റോഡില്‍ കിടന്നെന്നും അഡ്വ. രഞ്ജിനി പറയുന്നു. ഓട്ടോയില്‍ കയറ്റാനും മറ്റും ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നു. ഒരുപാട് വണ്ടികള്‍ നിര്‍ത്താതെ പോയി. ഒരുപക്ഷേ, പേടിച്ചിട്ടാകാം ആളുകള്‍ നിര്‍ത്താത്തത്. വാഹനാപകട കേസിലൊന്നും രക്ഷിക്കുന്നയാളെ കേസില്‍ പെടുത്തരുതെന്ന സര്‍ക്കാര്‍ നയം ബാക്കി കേസുകളിലും ബാധമാക്കുകയാണെങ്കില്‍ കുറേക്കൂടി ആളുകള്‍ മുന്നോട്ടുവരാന്‍ തയാറാകും.
ആരെങ്കിലും പ്രതികരിക്കുന്നുണ്ടോ എന്ന് നോക്കിയല്ല ഞാനും മകളും മുന്നോട്ടുവന്നത്. ഒരു ജീവന്‍ രക്ഷിക്കണമെന്ന ലക്ഷ്യം മാത്രമേ അപ്പോഴുണ്ടായിരുന്നുള്ളൂ. അയാളെ എടുത്തുപൊക്കുക എന്നെക്കൊണ്ട് സാധ്യമായിരുന്നില്ല. എന്നാല്‍, എങ്ങനെയും ആശുപത്രിയില്‍ എത്തിക്കണമെന്ന് വിചാരിച്ചാണ് മറ്റുള്ളവരോട് സഹായമഭ്യര്‍ത്ഥിച്ചതെന്നും രഞ്ജിനി പറഞ്ഞു.

pathram:
Leave a Comment