ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹരജിയുടെ നിലനില്‍പില്‍ സുപ്രിംകോടതി സംശയമുന്നയിച്ചു. ഹരജി നിലനില്‍ക്കുമോയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ബോധിപ്പിക്കണമെന്ന് സുപ്രിംകോടതി വ്യക്തമാക്കി.കേസിന്റെ കാര്യങ്ങളിലേക്കു കടക്കുന്നതിനു മുന്‍പ് ഹരജിയുടെ നിലനില്‍പ്പ് സംബന്ധിച്ച് സ്വാമി ബോധ്യപ്പെടുത്തണമെന്നാണ് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, അമിതാവ് റോയ് എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിച്ചത്.
കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം വേണമെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം നേരത്തെ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ സുബ്രഹ്മണ്യന്‍ സ്വാമി മേല്‍കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. മൂന്നാഴ്ചയ്ക്കു ശേഷം സുപ്രിം കോടതി ഹരജി വീണ്ടും പരിഗണിക്കും.
സുനന്ദയുടെ മരണത്തില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പൊലിസ് ഒരു വര്‍ഷം വരെ സമയമെടുത്തെന്നും പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സുനന്ദയുടേത് അസാധാരണ മരണമാണെന്നും സ്വാമി ആരോപിക്കുന്നു. കേസന്വേഷണത്തില്‍ ശശി തരൂര്‍ കൈകടത്തുന്നെന്നാരോപിച്ചാണ് സുബ്രഹ്മണ്യന്‍ സ്വാമി ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. 2014 ജനുവരി 17 നാണ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Leave a Comment