കുട്ടികളെ വീട്ടില്‍ ഒറ്റക്കിരുത്തി പോകുന്നത് നിരോധിച്ചുകൊണ്ട് നിയമം വരുന്നു.. ‘ഷെറിന്‍ ലോ’ യ്ക്ക് പിന്നില്‍ നിയമ വിദഗ്ധരും സാമൂഹ്യ പ്രവര്‍ത്തകരും

ഹൂസ്റ്റണ്‍: മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് കുട്ടികളെ ഒറ്റയ്ക്ക് വീട്ടിലിരുത്തി പോകുന്നത് നിരോധിച്ചുകൊണ്ട് ടെക്സാസില്‍ പുതിയ നിയമം വരുന്നു. ടെക്സാസിലെ സാമൂഹ്യപ്രവര്‍ത്തകരും നിയമവിദഗ്ധരുമാണ് നിയമ നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്.

എത്ര വയസ്സുവരെയുള്ള കുട്ടികളെയാണ് ഇങ്ങനെ ഒറ്റയ്ക്കാക്കി പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തേണ്ടതെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. കുട്ടികളുടെ അവകാശ സംരക്ഷണ പ്രവര്‍ത്തകരും അഭിഭാഷകരുമായ റീന ബാണ, ഷീന പൊട്ടിറ്റ് അറ്റോര്‍ണി ബിലാല്‍ ഖലീക് എന്നിവരാണ് നിയമം കൊണ്ടുവരാനുള്ള പരിശ്രമത്തിന് പിന്നില്‍. അമേരിക്കയിലെ മറ്റിടങ്ങളില്‍ സമാനമായ നിയമമുണ്ടെങ്കിലും ടെക്സാസില്‍ ഇങ്ങനെയൊന്ന് ഇതുവരെ പ്രാബല്യത്തിലായിട്ടില്ല.

കുട്ടിക്ക് തനിച്ചിരിക്കാനുള്ള പക്വത ആയാല്‍ മാത്രമേ തനിച്ചിരുത്തി പോകാമെന്നാണ് നിലവിലെ വ്യവസ്ഥ. കുട്ടികളെ കാണാതായാല്‍ നിശ്ചിതസമയത്തിനകം പൊലീസില്‍ അറിയിക്കണമെന്ന വ്യവസ്ഥയും നിയമത്തിലുണ്ടാവും. ഷെറിന്‍ ലോ എന്ന പേരിലാവും നിയമം വരികയെന്നും റിപ്പോര്‍ട്ടിലുണ്ട്.

2017 ഒക്ടോബര്‍ 22നാണ് കാണാതായി രണ്ടാഴ്ച്ചയ്ക്ക് ശേഷം ഷെറിനെ മരിച്ചനിലയില്‍ വീടിനടുത്തുള്ള ഓവ്ചാലില്‍ നിന്നാണ് കണ്ടെത്തിയത്. പാല് കുടിക്കാത്തതിന് കുട്ടിയെ വീടിന് പുറത്തു നിര്‍ത്തിയെന്നും പിന്നീട് കാണാതായെന്നുമായിരുന്നു മാതാപിതാക്കളുടെ ആദ്യ മൊഴി. കുട്ടിയെ പാല്‍ കുടിക്കാന്‍ നിര്‍ബന്ധിക്കുന്നതിനിടെ കയ്യബദ്ധം പറ്റി മരണം സംഭവിച്ചതാണെന്ന് പിന്നീട് അച്ഛന്‍ വെസ്ലി മാത്യൂസ് മൊഴിമാറ്റി പറഞ്ഞു. കുട്ടിയെ വീട്ടില്‍ തനിച്ചാക്കി മാതാപിതാക്കള്‍ പുറത്തുപോയിരുന്നതായും കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

pathram desk 1:
Related Post
Leave a Comment