ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒഴിയുന്നില്ല. ഏറ്റവും പുതുതായി, മരണ ദിവസത്തിന്റെ കാര്യത്തില്‍ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നു. 2016 ഡിസംബര്‍ നാലിന് മരിച്ചിരുന്നതായി ശശികലയുടെ സഹോദരന്‍ വി. ദിവാകരന്‍. ഇക്കാര്യം മറച്ചുവെച്ച് ഡിസംബര്‍ അഞ്ചിന് രാത്രി പതിനൊന്നിന് അന്ത്യം സംഭവിച്ചുവെന്ന് ഔദ്യോഗികമായി അറിയിപ്പ് നല്‍കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. തിരൂവാരൂരിലെ മന്നാര്‍കുടിയില്‍ നടന്ന എം.ജി.ആര്‍. ജന്മശതാബ്ദി ആഘോഷത്തില്‍ പ്രസംഗിക്കുകയായിരുന്നു ദിവാകരന്‍. എന്നാല്‍, ഇക്കാര്യം അറിയില്ലെന്ന് ടി.ടി.വി. ദിനകരന്‍ പ്രതികരിച്ചു.
ഡിസംബര്‍ നാലിന് ഹൃദയാഘാതമുണ്ടായ ഉടന്‍തന്നെ ജയ മരിച്ചുവെന്നാണ് ദിവാകരന്‍ പറയുന്നത്. സുരക്ഷ മുന്‍നിര്‍ത്തി വാര്‍ത്ത പുറത്തുവിടാതിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായശേഷം താന്‍ ഡോക്ടര്‍മാരുമായി സംസാരിച്ചുവെന്നും അതി ഗുരുതരാവസ്ഥയിലാണെന്നാണ് അവരില്‍നിന്ന് ലഭിച്ച വിവരമെന്നുമാണ് ദിനകരന്റെ വിശദീകരണം. നാലിനുതന്നെ ജയ മരിച്ചുവെന്ന വിവരം എവിടെനിന്ന് ലഭിച്ചുവെന്ന് തനിക്കറിയില്ലെന്നും ദിനകരന്‍ പറഞ്ഞു.