പ്രമുഖനല്ലാത്ത ശ്രീജിത്തിന് വേണ്ടി സൈബര്‍ ലോകം ഇന്ന് തെരുവിലിറങ്ങും.. മില്ല്യന്‍ മാസ്‌ക്ക് മാര്‍ച്ചുമായി മല്ലു സൈബര്‍ സോള്‍ജിയേഴ്സും

തിരുവനന്തപുരം: സഹോദരന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് എന്ന യുവാവിന്റെ 765 ദിവസം പിന്നിട്ട സമരത്തിന് പിന്തുണയുമായി സൈബര്‍ ലോകം ഇന്ന് തെരുവിലിറങ്ങും. പ്രമുഖനല്ലാത്ത ശ്രീജിത്തിന് വേണ്ടി തുടങ്ങിയ ഹാഷ് ടാഗ് പ്രചരണം ഇന്ന് തെരുവിലേക്ക് ഇറങ്ങുമ്പോള്‍ അത് മലയാളത്തിലെ വലിയൊരു കൂട്ടായ്മയായി മാറുകയും ചെയ്യും. നിഷേധിക്കപ്പെട്ട നീതി ലഭിക്കാന്‍ പ്രമുഖനല്ലാത്ത ഒരു സാധാരണക്കാരന് വേണ്ടിയാണ് സൈബര്‍ ലോകം ഒറ്റക്കെട്ടായി തെരുവിലിറങ്ങുന്നത്.

24 മണിക്കൂറും മൊബൈലും ലാപ്പ്ടോപ്പും നോക്കിയിരിക്കുന്ന നിങ്ങളൊക്കെ നാട്ടില്‍ എന്തുമാറ്റം കൊണ്ട് വരാനാണെന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയായിരിക്കും ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിലെ ആള്‍ക്കൂട്ടം നല്‍കുക. ആയിരക്കണക്കിന് പേര്‍ ശ്രീജിത്തിന് പിന്തുണയുമായി സെക്രട്ടറിയേറ്റ് പടിക്കല്‍ എത്താന്‍ സാധ്യതയുണ്ട്. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ജാഥയ്ക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും തുടങ്ങിയിട്ടുണ്ട്.

ഫെയ്സ്ബുക്കിലും വാട്സ് ആപ്പിലും സജീവമായ കൂട്ടായ്മകള്‍ അതിശക്തമായ പ്രചരണമാണ് ശ്രീജിത്തിന് വേണ്ടി നടത്തുന്നത്. ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ഹാഷ് ടാഗ് മലയാളം സൈബര്‍ ഇടങ്ങളെ കീഴടക്കി കഴിഞ്ഞു. ഓണ്‍ലൈന്‍ പെറ്റീഷന്‍ അടക്കം തുടങ്ങിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലെ ട്രോള്‍ ഗ്രൂപ്പുകളിലെ ട്രോളന്മാരും ഹാക്കിങ് ഗ്രൂപ്പിലെ പ്രമുഖരം അടക്കമുള്ളവര്‍ മാര്‍ച്ചിന് വേണ്ടി തയ്യാറെടുത്തു കഴിഞ്ഞു. കേരളത്തിലെ 14 ജില്ലകളില്‍ നിന്നും ആളുകള്‍ കൂട്ടായ്മയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ലേബലില്ലാതെ ആ യുവാവിനെ സഹായിക്കാന്‍ മനസ്സുള്ളവര്‍ ഞായറാഴ്ച സെക്രട്ടേറിയറ്റ് പടിക്കലേക്ക് വരാനാണ് ആഹ്വാനമുള്ളത്. മില്ല്യന്‍ മാസ്‌ക്ക് മാര്‍ച്ചുമായി മല്ലു സൈബര്‍ സോള്‍ജിയേഴ്സ് രംഗത്തുണ്ട്. ഇവര്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാണ് സെക്രട്ടറിയേറ്റ് പടിക്കലേക്ക് മാര്‍ച്ചുമായി എത്തുക. തീര്‍ത്തും സമാധാന പരമായ മാര്‍ച്ചാണ് സൈബര്‍ മല്ലു സോള്‍ജിയേഴ്സ് പദ്ധതിയിടുന്നത്. ഗതാഗതം തടസപ്പെടാതെ എല്ലാ അര്‍ത്ഥത്തിലും മാതൃകാപരമായ സമരമാകും ഇതെന്നാണ് അവരുടെ പക്ഷം.

ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് എന്ന പേരില്‍ നിരവധി ഫെയ്സ്ബുക്ക് പേജുകളും രൂപം കൊണ്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയ വെറും സൈബര്‍ കീബോര്‍ഡ് വിപ്ലവം മാത്രമല്ല എന്ന് തെളിയിച്ചു കൊടുക്കാന്‍…. അണിചേരാം…. ഒരുമിച്ചു ചേരാം എന്നാണ് ഫെയ്സ്ബുക്ക് പേജുകളുടെ ആഹ്വാനം. പത്ത് വാട്സ് ആപ്പ് ഗ്രൂപ്പുകളും പരമാവധി ആളുകളെ തെരുവിലിറക്കാനും തീരുമാനവുമായി രംഗത്തുണ്ട്.

pathram desk 1:
Related Post
Leave a Comment