കൊച്ചി: പീഡനക്കേസില്‍ കുരുക്കാന്‍ ശ്രമിച്ചുവെന്ന നടന്‍ ഉണ്ണി മുകുന്ദന്റെ പരാതിയുടെ ചുരുളഴിയുന്നു. പരാതി ഏറെക്കുറേ ശരിയാണെന്ന് പൊലീസിന് ബോധ്യപ്പെട്ടതായാണ് വിവരം. കോട്ടയം സ്വദേശിനിയായ യുവതിയും അഭിഭാഷകനും ചേര്‍ന്ന് പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി തന്നില്‍ നിന്നും 25 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചതായാണ് ഒറ്റപ്പാലം പൊലീസില്‍ നടന്‍ പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ സൂചിപ്പിച്ചിട്ടുള്ള സംഭവം കൊച്ചി ചേരാനല്ലൂര്‍ സ്റ്റേഷന്‍ പരിധിയിലാണെന്ന് ബോദ്ധ്യപ്പെട്ട ഒറ്റപ്പാലം പൊലീസ് കേസെടുത്ത് തുടരന്വേഷണത്തിനായി ഫയല്‍ ഇവിടേക്ക് കൈമാറുകയായിരുന്നു.
ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ഉണ്ണിമുകുന്ദന്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ഇത് സംബന്ധിച്ച് താന്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കിയെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍പ്പെട്ട നടന്‍ ഇപ്പോള്‍ ജാമ്യത്തിലാണെന്നും വെളിപ്പെടുത്തി കോട്ടയത്തെ പ്രമുഖ കുടുബാംഗവും തിരക്കഥാകൃത്തുമായ യുവതി മാധ്യമങ്ങള്‍ക്ക് വിവരം നല്‍കുകയായിരുന്നു.
ഈ വെളിപ്പെടുത്തല്‍ നടത്തി ഏറെ താമസിയാതെ തന്റെ ചിത്രം ഉള്‍പ്പെടെ അപകീര്‍ത്തികരമായ വാര്‍ത്ത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി പുറത്ത് വിട്ടതായി കാണിച്ച് യുവതി വീണ്ടും നടനെതിരെ രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതിയുടെ പിതാവ് തൃക്കൊടിത്താനം പൊലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് താരത്തിന് അനുകൂലമായ പൊലീസ് റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. നടന്റെ പരാതിയിലെ വിവരങ്ങള്‍ ഏറെക്കറുറെ ശരിയാണെന്ന് പ്രാഥമീക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും തുടരന്വേഷണം നടന്നു വരികയാണെന്നും ഇതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ എന്നും കേസന്വേഷണം നടത്തിവരുന്ന ചേരാനല്ലൂര്‍ എസ്ഐ വ്യക്തമാക്കി.
ഇതുവരെ നടന്ന തെളിവെടുപ്പില്‍ ലഭിച്ച ഏതാനും മൊഴികളും മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവുമാണ് പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ നടന് തുണയായിരിക്കുന്നത്. നടന്റെ പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ള വസ്തുതകളെ സാധൂകരിക്കുന്ന തെളിവുകള്‍ ഇതില്‍നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.
താരത്തിന്റെ പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ള വസ്തുതകളില്‍ പൊലീസ് കൃത്യമായ വിവരശേഖരണം നടത്തിയ സാഹചര്യത്തില്‍ എതിര്‍കക്ഷിയായ യുവതിയെയും മറ്റ് മൂന്നുപേരെയും അടുത്തുതന്നെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്ക് വിധേയമാക്കുമെന്നാണ് സൂചന.
Leave a Comment