മുംബൈ: കേപ്ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ ടീം മാനേജ്‌മെന്റിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തല്‍. മല്‍സരാധിക്യം നിമിത്തം ടീം ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയില്‍ സന്നാഹമല്‍സരങ്ങളൊന്നും കളിക്കാനാകാത്ത സാഹചര്യത്തില്‍ ടീമിലെ ടെസ്റ്റ് സ്‌പെഷലിസ്റ്റുകളെ നേരത്തെ ഇവിടേക്ക് അയയ്ക്കാമെന്ന് ബിസിസിഐ അറിയിച്ചിരുന്നങ്കിലും ഈ വാഗ്ദാനം ടീം മാനേജ്‌മെന്റ് നിരസിക്കുകയായിരുന്നതായാണ് വെളിപ്പെടുത്തല്‍.
ചേതേശ്വര്‍ പൂജാര, മുരളി വിജയ്, അജിങ്ക്യ രഹാനെ തുടങ്ങിയ താരങ്ങളെ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി നേരത്തേതന്നെ ദക്ഷിണാഫ്രിക്കയിലേക്ക് അയയ്ക്കാമെന്നായിരുന്നു ബിസിസിഐയുടെ വാഗ്ദാനം. എന്നാല്‍, പരിശീലകന്‍ രവി ശാസ്ത്രിയും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ഉള്‍പ്പെടെയുള്ളവര്‍ ഇത് നിരസിച്ചതായാണ് റിപ്പോര്‍ട്ട്. താരതമ്യേന ദുര്‍ബലരായ ശ്രീലങ്കയ്‌ക്കെതിരായ ടീമില്‍നിന്ന് പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് ഇവരേയും നേരത്തേതന്നെ ദക്ഷിണാഫ്രിക്കയിലേക്ക് അയയ്ക്കാമെന്ന് ബിസിസിഐ പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.
ബിസിസിഐയിലെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിന് സുപ്രീം കോടതി നിയോഗിച്ച സമിതിയും സമാനമായ ആശയം മുന്നോട്ടുവച്ചിരുന്നെങ്കിലും ശാസ്ത്രിക്കും കോഹ്!ലിക്കും ഇതു സ്വീകാര്യമായില്ലത്രേ. ഇന്ത്യന്‍ ടീമിന്റെ യഥാര്‍ഥ വിലയിരുത്തലാകുമെന്ന് നേരത്തേതന്നെ കരുതപ്പെട്ട ഈ പരമ്പര സുപ്രധാനമാണെന്നിരിക്കെ, താരങ്ങള്‍ നേരത്തേതന്നെ ദക്ഷിണാഫ്രിക്കയിലേക്കു പോയി സാഹചര്യങ്ങളുമായി പൊരുത്തപ്പെടട്ടെ എന്ന പൊതുധാരണയുടെ പുറത്തായിരുന്നു ബിസിസിഐയുടെ ഇടപെടല്‍. ഇതിനുള്ള ചെലവു വഹിക്കാനുള്ള സന്നദ്ധതയും ബിസിസിഐ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു.
എന്നാല്‍, ടീമംഗങ്ങള്‍ ഒരുമിച്ച് ദക്ഷിണാഫ്രിക്കയിലേക്കു പോയാല്‍ മതിയെന്ന നിലപാടാണ് ടീം മാനേജ്‌മെന്റ് സ്വീകരിച്ചത്. ഇതോടെ ശ്രീലങ്കന്‍ പര്യടനത്തിനുശേഷം ഡിസംബര്‍ 28നാണ് ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലെത്തിയത്. ജനുവരി അഞ്ചിന് തന്നെ ആദ്യ ടെസ്റ്റ് കളിക്കാന്‍ ഇറങ്ങേണ്ടി വരികയും ചെയ്തു.
ഇന്ത്യന്‍ െടസ്റ്റ് ടീമിലെ പ്രധാന താരങ്ങളെ നേരത്തേതന്നെ ദക്ഷിണാഫ്രിക്കയിലേക്ക് അയയ്ക്കാമെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നതാണെന്ന് ബിസിസിഐ അധികൃതരെ ഉദ്ധരിച്ച് ദ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ചേതേശ്വര്‍ പൂജാര, മുരളി വിജയ്, അജിങ്ക്യ രഹാനെ തുടങ്ങിയ താരങ്ങള്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ട്വന്റി20 ടീമുകളിലുണ്ടായിരുന്നില്ല. അവര്‍ ഈ സമയത്ത് ഇവിടെ പ്രാദേശിക ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുകയായിരുന്നു. എന്നാല്‍, ഇവരെ നേരത്തെ ദക്ഷിണാഫ്രിക്കയിലേക്ക് അയയ്ക്കാന്‍ ടീം മാനേജ്‌മെന്റ് താല്‍പര്യം കാണിച്ചില്ല – ബിസിസിഐയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകളില്‍നിന്ന് പ്രധാന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് അവരെയും ദക്ഷിണാഫ്രിക്കയിലേക്ക് അയയ്ക്കാന്‍ ഞങ്ങള്‍ തയാറായിരുന്നു. അതിനോടും അവര്‍ യോജിച്ചില്ല – ബിസിസിഐ അധികൃതര്‍ വ്യക്തമാക്കി. ഇത്തരം കാര്യങ്ങളില്‍ ബിസിസിഐയുടെ അഭിപ്രായം പരിഗണിക്കണമോ എന്നത് ടീം മാനേജ്‌മെന്റിന്റെ ഇഷ്ടമാണെന്നും റിപ്പോര്‍ട്ടിലുണ്ട്
Leave a Comment