തിയേറ്ററുകളില്‍ വേണ്ടത്ര ശ്രദ്ധ നേടാതെ പോയ ചിത്രം പരീത് പണ്ടാരി കണ്ട പ്രേക്ഷകന്റെ കുറിപ്പ് വൈറല്‍, കുറിപ്പിന് മറുപടിയായ ഷാജോണും

മലയാള സിനിമയില്‍ ഹാസ്യനടനായയും വില്ലനായും സഹതാരമായും തിളങ്ങി നില്‍ക്കുന്ന താരമാണ് കലാഭവന്‍ ഷാജോണ്‍. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ് പരീത് പണ്ടാരി. തിയേറ്ററുകളില്‍ വേണ്ടത്ര ശ്രദ്ധ നേടാതെ പോയ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരു പ്രേക്ഷകന്‍.

ചിത്രം തന്നേയും കുടുംബത്തേയും വേദനിപ്പിച്ചുവെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് എല്ലാ ആശംസകളും നേരുന്നുവെന്നുമായിരുന്നു മുജീബ് റഹ്മാന്‍ എന്ന വ്യക്തി എഴുതിയ പോസ്റ്റ്. ഇത് ഷെയര്‍ ചെയ്തുകൊണ്ടാണ് ഷാജോണ്‍ അദ്ദേഹത്തോടെ തന്റെ നന്ദി അറിയിച്ചിരിക്കുന്നത്.

ഗഫൂര്‍ വൈ ഇല്ലിയാസ് സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വര്‍ഷമാണ് റിലീസ് ചെയ്തത്. കലാഭവന്‍ ഷാജോണ്‍, സജിത മഠത്തില്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

മുജീബിന്റെ കുറിപ്പ്:

പരീത് പണ്ടാരി ഇന്നലെയാണ് കണ്ടത്. മക്കളും ഭാര്യയും കൂടെ ഉണ്ടായിരുന്നു. ഇടയ്ക്കുള്ള ചായ പോലും മറന്ന് പോയി. കീറിയ മനസ്സുമായി വേദനയോടെ പടം കണ്ട് തീര്‍ത്തു. മൂകത ആയിരുന്നു. കുട്ടികള്‍ ഒന്നും മിണ്ടാതെ അവരുടെ മുറികള്‍ പൂട്ടി. ഞാനും കെട്ടിയോളും മുഖത്തോട് മുഖം നോക്കി ഇരുന്നു. കുറച്ച് സമയം വേണ്ടി വന്നു എല്ലാം ഒന്ന് നോര്‍മല്‍ ആവാന്‍. കണ്ടത് സിനിമ ആയിരുന്നു. ആ യാഥാര്‍ഥ്യത്തിലേയ്ക്ക് എത്താന്‍ സമയമെടുക്കും. എത്രയോ പരീത്മാര്‍ കണ്‍മുന്നില്‍ ഉണ്ടായിരുന്നിരിക്കാം. കാണാതെ പോയി കണ്ടിട്ടും അറിയാതെ പോയി.

ഹവ്വ ഉമ്മയെ കണ്ടിട്ടുണ്ടാകാം ഒന്നും അറിയാത്ത പോലെ നടന്ന് പോയിരിക്കാം ജീവിത വഴികളിലെ തമസ്‌കരിക്കപ്പെട്ടവരെ അവഗണിച്ച് പോയവര്‍. വല്ലാതെ നോവുന്നു ഇന്നും. ഷാജോണും സജിതയും കണ്ണ് നനയിപ്പിക്കുക മാത്രമല്ല കണ്ണ് തുറപ്പിക്കുകയും ചെയ്യും. താങ്കള്‍ക്ക് അഭിമാനിക്കാം ഇതിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. ഇന്‍ബോക്‌സില്‍ നമ്പര്‍ തന്നാല്‍ വിളിക്കാം.

മുജീബിന് മറുപടിയായ ഷാജോണ്‍ എഴുതിയ കുറിപ്പ്:

നന്ദി മുജീബ്…താങ്കള്‍ ആരണന്ന് എനിക്കറിയില്ല , പക്ഷേ ഒന്ന് മാത്രം അറിയാം . താങ്കള്‍ നല്ലൊര് സിനിമ സ്‌നേഹിയാണ് !!! കാരണം ,പരീത് പണ്ടാരി ഇറങ്ങി ഒരു വര്‍ഷം തികയുമ്പോള്‍ തിയ്യേറ്ററില്‍ കാണാന്‍ പറ്റാതെ പോയ ഈ നല്ല സിനിമയെ തിരഞ്ഞ് പിടിച്ച് കാണാന്‍ താങ്കളും കുടുംബവും കാണിച്ച നല്ല മനസ്സിന് നന്ദി !!!

എനിക്ക് പുതുവര്‍ഷ പുലരിയില്‍ പുത്തനുണര്‍വാണ് താങ്കളുടെ ഈ വാക്കുകള്‍…. സിനിമ എന്ന കലയോട് നീതി പൂര്‍വ്വം നിലകൊള്ളുന്ന താങ്കള്‍ ഇനിയും അസ്തമിക്കാത്ത നല്ല പ്രേക്ഷകന്റെ ലക്ഷണങ്ങളാണ് !!! തിയ്യറ്ററില്‍ വലിയ ഓളങ്ങള്‍ സ്യഷ്ടിക്കാതെ പോയ ഞങ്ങളുടെ ഈ കുഞ്ഞ് സിനിമ ജനമനസ്സില്‍ വിങ്ങലിന്റെ ഓളങ്ങള്‍ സ്യഷ്ട്ടിക്കുന്നു എന്നറിഞ്ഞതില്‍ ഒരു നടനെന്ന നിലക്ക് ഞാന്‍ സന്തോഷവാനാണ്, നന്ദി .. കലാഭവന്‍ ഷാജോണ്‍

pathram:
Leave a Comment