ന്യൂയോർക്ക്: ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെയുണ്ടായ സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ കടുത്ത മുന്നറിയിപ്പുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്. പാക്കിസ്ഥാന്റെ ജലവിഹിതം തടയുകയോ വഴിതിരിച്ചുവിടുകയോ ചെയ്യാനുള്ള ഏതൊരു ശ്രമവും യുദ്ധപ്രവർത്തനമായി കണക്കാക്കുമെന്ന് ഷെഹ്ബാസ് ഷരീഫ് ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ വ്യക്തമാക്കി. ന്യൂയോർക്കിൽ നടന്ന യുഎൻ ജനറൽ അസംബ്ലി സമ്മേളനത്തിലായിരുന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ രൂക്ഷ പരാമർശം.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സമീപകാല സൈനിക സംഘർഷങ്ങളെ പാക്കിസ്ഥാനെതിരായ ബാഹ്യ ആക്രമണമായാണ് ഷെഹ്ബാസ് വിശേഷിപ്പിച്ചത്. ഇത്തരം സാഹചര്യങ്ങളിൽ പാക്കിസ്ഥാന്റെ പ്രതിരോധ നടപടികളെ ന്യായീകരിക്കുന്നതിനായി യുഎൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സുരക്ഷയ്ക്കായി സ്വീകരിച്ച നടപടികൾ സ്വയം പ്രതിരോധത്തിന്റെ ഭാഗമാണെന്ന നിലപാടാണ് ഷെഹ്ബാസ് പ്രസംഗത്തിൽ മുന്നോട്ടുവച്ചത്.
ഇന്ത്യൻ സൈനിക നീക്കങ്ങളെ ചെറുത്തു തോൽപ്പിച്ചുവെന്ന് അവകാശപ്പെട്ടുകൊണ്ട് പാക്കിസ്ഥാൻ സൈന്യത്തെയും ചീഫ് ഓഫ് ആർമി സ്റ്റാഫ് ഫീൽഡ് മാർഷൽ അസിം മുനീറിനെയും പ്രസംഗത്തിൽ ഷെഹ്ബാസ് ഷരീഫ് പ്രശംസിച്ചു. രാജ്യത്തിന്റെ പ്രതിരോധത്തിനായി സായുധസേന നടത്തിയ ഇടപെടലുകൾ നിർണായകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഷെഹ്ബാസ് ഷരീഫ് പ്രസംഗത്തിൽ പ്രത്യേക നന്ദി അറിയിച്ചു. കഴിഞ്ഞ വർഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ ഘട്ടത്തിൽ ട്രംപ് നടത്തിയ ഇടപെടലാണ് വെടിനിർത്തലിലേക്ക് നയിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു. രണ്ട് ആണവശക്തികൾ തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നത് തടയുന്നതിൽ ട്രംപിന്റെ ഇടപെടൽ നിർണായകമായിരുന്നുവെന്നും ഷെഹ്ബാസ് പറഞ്ഞു.
അതുപോലെ ജമ്മു കശ്മീർ വിഷയത്തിലും പാക്കിസ്ഥാന്റെ മുൻനിലപാട് ഷെഹ്ബാസ് ആവർത്തിച്ചു. കശ്മീരിലെ ജനങ്ങൾക്ക് ധാർമികവും നയതന്ത്രപരവും രാഷ്ട്രീയവുമായ പിന്തുണ തുടരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. യുഎൻ മേൽനോട്ടത്തിൽ ജനഹിത പരിശോധന നടത്തിയാണ് കശ്മീർ പ്രശ്നത്തിന് പരിഹാരം കാണേണ്ടതെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെച്ച ഇന്ത്യയുടെ നടപടിയാണ് നിലവിലെ ജലതർക്കത്തിന്റെ പ്രധാന പശ്ചാത്തലം. അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യ കരാർ താൽക്കാലികമായി നിർത്തിവെച്ചത്. പാകിസ്താന്റെ ജലവിഹിതത്തെ ബാധിക്കുന്ന ഏത് നീക്കവും ഗുരുതരമായ വിഷയമായി കാണുമെന്ന സന്ദേശമാണ് യുഎൻ വേദിയിലൂടെ ഷെഹ്ബാസ് നൽകിയത്.
നിലവിൽ ഇന്ത്യ–പാക്കിസ്ഥാൻ വിഷയങ്ങളിൽ മൂന്നാംകക്ഷി മധ്യസ്ഥത അംഗീകരിക്കില്ലെന്ന നിലപാടാണ് ന്യൂഡൽഹി സ്വീകരിച്ചുവരുന്നത്. കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉഭയകക്ഷി ചർച്ചകളിലൂടെയാണ് പരിഹരിക്കേണ്ടതെന്നതാണ് ഇന്ത്യയുടെ നിലപാട്. യുഎൻ പൊതുസഭയിലെ ഷെഹ്ബാസ് ഷരീഫിന്റെ പ്രസംഗത്തോടെ സിന്ധു നദീജല കരാർ, കശ്മീർ, അതിർത്തി സുരക്ഷ തുടങ്ങിയ വിഷയങ്ങൾ വീണ്ടും അന്താരാഷ്ട്ര വേദിയിൽ ശക്തമായി ഉയർന്നു. ഇരു രാജ്യങ്ങളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതിനിടെ ഇന്ത്യ–പാക് ബന്ധത്തിലെ സംഘർഷം തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്.





