ന്യൂയോർക്ക്: അമേരിക്കയിൽ ഇന്ത്യൻ ദമ്പതികളെ വംശീയ അധിക്ഷേപം നടത്തി വീഡിയോയെടുത്ത് സോഷ്യമീഡിയയിൽ പ്രചരിപ്പിച്ച് അമേരിക്കകാരൻ. ‘ടോൺ’ എന്ന എക്സ് യൂസർ പങ്കുവെച്ച വീഡിയോയിൽ റോഡരികിൽ നിൽക്കുകയായിരുന്ന ദമ്പതികളെ ഇയാൾ തൻ്റെ കാറിലിരുന്ന് ക്യാമറയിൽ പകർത്തിക്കൊണ്ട് അനാവശ്യമായി ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണുള്ളത്. നിങ്ങൾ ഇന്ത്യയിൽ നിന്നാണോ? എന്ന ചോദ്യത്തോടെയാണ് ഇയാൾ ദമ്പതികളെ സമീപിച്ചത്. അവർ ആണെന്ന് മറുപടി നൽകിയപ്പോൾ, നിങ്ങൾക്ക് അമേരിക്ക ഇഷ്ടമാണോ എന്നും അമേരിക്കയും ഇന്ത്യയും തമ്മിൽ ഏതാണ് കൂടുതൽ മികച്ച രാജ്യമെന്നും ഇയാൾ ചോദിക്കുന്നു. ഇരു രാജ്യങ്ങൾക്കും അതിൻ്റേതായ നല്ല വശങ്ങളുണ്ടെന്നും ഓരോ സ്ഥലത്തിനും അതിൻ്റേതായ മൂല്യമുണ്ടെന്നും ദമ്പതികൾ മറുപടി നൽകി. എന്നാൽ ഈ മറുപടിക്ക് തൊട്ടുപിന്നാലെ ഇയാളുടെ പെരുമാറ്റം പ്രകോപനപരയായി മാറി.
ഇന്ത്യ അത്രയധികം മഹത്തായ രാജ്യമാണെങ്കിൽ എന്തുകൊണ്ടാണ് നിങ്ങൾ അവിടെത്തന്നെ നിൽക്കാത്തത്, എന്തിനാണ് അമേരിക്കയിലേക്ക് വരുന്നത്? എന്ന് ഇയാൾ ദമ്പതികളോട് ചോദിച്ചു. ലോകം ചുറ്റിക്കാണാനും പര്യവേക്ഷണം ചെയ്യാനുമാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്ന് ദമ്പതികൾ വ്യക്തമാക്കിയപ്പോൾ, ഇല്ല, നിങ്ങളെ ഇവിടെ ആവശ്യമില്ല, നിങ്ങൾ സ്വന്തം നാട്ടിലേക്ക് മടങ്ങണം, എൻ്റെ രാജ്യത്തുനിന്ന് പുറത്തുപോകൂ എന്ന് ഇയാൾ ആക്രോശിക്കുകയായിരുന്നു.
താൻ കുറച്ച് എച്ച് 1ബി ഇന്ത്യക്കാരെ കണ്ടുമുട്ടിയെന്നും അവരോട് ചില കാര്യങ്ങൾ വ്യക്തമാക്കേണ്ടി വന്നുവെന്നുമുള്ള അടിക്കുറിപ്പോടെയാണ് ഇയാൾ ഈ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഈ വീഡിയോ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഇയാൾക്കെതിരെ ഉയരുന്നത്. തികച്ചും അനാവശ്യവും വിവേചനപരവുമായ പെരുമാറ്റമാണിതെന്ന് ചൂണ്ടിക്കാട്ടി നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.
I encountered some incredible H-1B indians, and I had to let them know something! pic.twitter.com/Qi8FyfcjzF
— tone (@AyTone4th) May 20, 2026
















































