ആലപ്പുഴ: കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവ് മൂലം രണ്ടുവയസ്സുകാരൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവിനെതിരെ കൂടുതൽ ഗുരുതരമായ ആരോപണങ്ങൾ ഉയരുന്നു. കഴിഞ്ഞ മാസം കുട്ടികൾക്ക് സ്കൂളിൽനിന്നു ലഭിച്ചിരുന്ന അരി പിതാവ് രാജേഷ് മറിച്ചുവിറ്റിരുന്നെന്നാണ് കാർത്തികപ്പള്ളി ഒൻപതാം വാർഡ് അംഗം വിനീത് ആരോപിച്ചത്. കഴിഞ്ഞ മാസം സ്കൂളിൽ നിന്ന് 20 കിലോ അരി കുട്ടികൾക്കു ലഭിച്ചിരുന്നതായും അതിൽ നല്ലൊരു പങ്കും രാജേഷ് പ്രദേശത്തെ ഹോട്ടലിനു 500 രൂപയ്ക്കു വിറ്റതായി തനിക്കു വിവരം ലഭിച്ചെന്നി വിനീത് വെളിപ്പെടുത്തിയതായി മലയാള മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.
ഇതിനിടെ കുടുംബത്തിന്റെ അന്തവിശ്വാസങ്ങളെ കുറിച്ചുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. ഒരു മരണം സംഭവിക്കുമെന്ന് ജ്യോത്സ്യൻ നേരത്തെ പ്രവചിച്ചിരുന്നുവെന്ന പിതാവിന്റെ വെളിപ്പെടുത്തലാണ് ഇതിനു പിന്നിൽ. മുമ്പ് കാവിനടുത്ത് താമസിച്ചതുമായി ബന്ധപ്പെട്ട ദോഷമാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയതെന്നാണ് ഇയാളുടെ അവകാശവാദം. എന്നാൽ, കുഞ്ഞ് മരിച്ചത് കടുത്ത പോഷകാഹാരക്കുറവ് മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതുപോലെ രാജേഷ് കടുത്ത മദ്യപാനി ആയിരുന്നെന്നു നാട്ടുകാർ പറയുന്നു. രാഹുലിനെ മരിച്ചനിലയിൽ കണ്ടെത്തിയ ദിവസവും ഇയാൾ മദ്യപിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അതേസമയം ഇന്നലെ രാവിലെ 6.30 നാണ് കുഞ്ഞിനെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന് ജന്മനാ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പോഷകാഹാര കുറവുണ്ടെന്നു കണ്ടെത്തിയെന്നുമാണ് പിതാവ് രാജേഷ് മാധ്യമങ്ങളോടു പ്രതികരിച്ചത്.
കാർത്തികപ്പള്ളി പഞ്ചായത്തിലെ വലിയകുളങ്ങര തൈമൂട്ടിൽ രാജേഷ് – താര ദമ്പതികളുടെ ആറാമത്തെ കുട്ടിയാണ് മരിച്ച രാഹുൽ. അമ്മയെ പ്രസവത്തിനായി ആലപ്പുഴ ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നതിനാൽ വീട്ടിൽ കുട്ടികളും പിതാവും മാത്രമാണ് ഉണ്ടായിരുന്നത്. രാഹുലിന്റെ മരണത്തെ തുടർന്ന് മറ്റു നാലു കുട്ടികളുടെ സംരക്ഷണം ജില്ലാ ശിശുക്ഷേമസമിതി ഏറ്റെടുത്തു. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.