ഭോപ്പാൽ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) പ്ലാറ്റ്ഫോമുകളുടെ സഹായത്തോടെ മദ്യനിർമാണ രീതികൾ പഠിച്ച് വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്ത സംഘം മധ്യപ്രദേശിൽ പിടിയിലായി. പ്രമുഖ ബ്രാൻഡുകളുടെ കാലിക്കുപ്പികളിൽ വ്യാജമദ്യം നിറച്ചാണ് സംഘം വിൽപ്പന നടത്തിയിരുന്നത്. സംഭവത്തിൽ മുഖ്യപ്രതി അജയ് റാത്തോഡ് ഉൾപ്പെടെ പത്തുപേരെ ദേവാസ് കൊത്ത്വാലി പോലീസ് അറസ്റ്റ് ചെയ്തു.
സെപ്റ്റംബർ മുതൽ അജയ് റാത്തോഡ് എ.ഐ. പ്ലാറ്റ്ഫോമുകൾ വഴി വീട്ടിൽ മദ്യം നിർമിക്കുന്ന രീതികളെക്കുറിച്ചും രാസമിശ്രിതങ്ങളെക്കുറിച്ചും വിവരങ്ങൾ തിരഞ്ഞിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ഇന്ദോറിലെ സ്വകാര്യ സ്ഥാപനത്തിൽനിന്ന് ഇയാൾ രാസവസ്തുക്കൾ ഓർഡർ ചെയ്ത് വരുത്തി. ഒക്ടോബർ രണ്ട് മുതൽ ഏഴ് വരെയുള്ള ദിവസങ്ങളിൽ ആക്രി വ്യാപാരികളിൽനിന്ന് ശേഖരിച്ച പ്രമുഖ ബ്രാൻഡുകളുടെ കാലിക്കുപ്പികളിൽ വെള്ളവും രാസവസ്തുക്കളും ചേർത്ത മിശ്രിതം നിറച്ചതായാണ് കണ്ടെത്തൽ.
പിന്നീട് ലൈസൻസുള്ള മദ്യശാലകളിലെ ജീവനക്കാരുടെ സഹായത്തോടെ ഈ മിശ്രിതം യഥാർഥ മദ്യവുമായി കലർത്തി. ഒക്ടോബർ ആറുമുതൽ 12 വരെ ഗ്രാമീണ മേഖലകളിൽ ഇത് വിതരണം ചെയ്തതായും പോലീസ് വ്യക്തമാക്കി. ദേവാസിലെയും ഇന്ദോറിലെയും മൂന്ന് ലൈസൻസുള്ള മദ്യശാലകളിലെ നാല് ജീവനക്കാരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. രാസവസ്തുക്കൾ വിതരണം ചെയ്ത ഇന്ദോറിലെ ഗോഡൗൺ പോലീസ് സീൽ ചെയ്തു.
വ്യാജമദ്യം കഴിച്ചതിനെത്തുടർന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായെന്നും മരണങ്ങൾ സംഭവിച്ചെന്നും പ്രദേശവാസികൾ ആരോപിച്ചു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ രൂക്ഷമായ ഛർദിയും തലകറക്കവും അനുഭവപ്പെട്ട് പത്തോളം പേർ മരിച്ചതായാണ് പ്രദേശവാസികളുടെ അവകാശവാദം. എന്നാൽ, കഴിഞ്ഞ ഒരു മാസത്തിനിടെ 22 പേർ മരിക്കുകയും കുറഞ്ഞത് 40 പേർക്ക് കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്തതായി മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരി ആരോപിച്ചു. മരണങ്ങളുടെയും കാഴ്ചനഷ്ടത്തിന്റെയും കാരണങ്ങൾ സംബന്ധിച്ച കണക്കുകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മരണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ജില്ലാ ഭരണകൂടം ആദ്യം തള്ളിക്കളഞ്ഞെങ്കിലും പിന്നീട് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. ഉജ്ജയിൻ ഡിവിഷണൽ കമ്മീഷണറുടെ നേതൃത്വത്തിൽ അഞ്ചംഗ അന്വേഷണ സംഘത്തെയാണ് സർക്കാർ നിയോഗിച്ചത്. ദേവാസ്, സാഗർ ജില്ലകളിലെ കളക്ടർമാരും പോലീസ് മേധാവികളും ഉൾപ്പെടെ ഒമ്പത് മുതിർന്ന ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റി.