ഡൽഹി: രാഹുൽ ഗാന്ധി സർവകലാശാലകളിൽ സംഘപരിവാറിന് എതിരെ പോരാടണം എന്ന് പറയുമ്പോൾ റോജി എം ജോൺ സംഘപരിവാറിന് പൂർണമായും വിധേയപ്പെടുകയാണെന്ന് എസ്എഫ്ഐ നേതാവ് ആദർശ് എം സജി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ആർഎസ്എസ് മന്ത്രിയെ പോലെ പെരുമാറുന്നു. ഹൈക്കോടതി പറഞ്ഞിട്ട് പോലും വിദ്യാർഥികളുടെ ഭാവി തുലക്കുകയാണ്. സിസ തോമസ് സ്വീകരിക്കുന്ന സംഘപരിവാർ നിലപാടുകൾക്ക് റോജി എം ജോൺ പിന്തുണ നൽകുന്നുവെന്നും ആദർശ് എം സജി പറഞ്ഞു. അപരിഷ്കൃതർ നടത്തുന്ന സമരം ‘ഫാസിസ്റ്റ് സമരം’ എന്നൊക്കെയാണ് മന്ത്രി പ്രതിഷേധത്തെ വിശേഷിപ്പിക്കുന്നത്.
വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ ഉടനടി പിൻവലിക്കണം. എസ്എഫ്ഐ പ്രതിഷേധം ശക്തമാക്കും. മഹാരാജാസിലെ പ്രതിഷേധം കോൺവൊക്കേഷൻ തടസ്സപ്പെടുത്താൻ ഒരു ശ്രമവും നടന്നിട്ടില്ല. 16 വിദ്യാർത്ഥികളെ യാതൊരു കാരണവുമില്ലാതെ 62 ദിവസമായി പുറത്തുനിർത്തി. വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്. മഹാരാജാസിലെ വിദ്യാർത്ഥികളെ അഭിനന്ദിക്കുന്നു. റോജി എം ജോൺ സ്വീകരിച്ച സമീപനം സിജെപി സമരത്തെ ധർമേന്ദ്ര പ്രധാൻ അധിക്ഷേപിച്ചത് പോലെയാണ്. കേരളത്തിലെ സർവ്വകലാശാലയെ ആർഎസ്എസ് നിയന്ത്രിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടികാട്ടി.
62 ദിവസങ്ങൾ ആയി കാലടി സർവ്വകലാശാലയിലെ 16 വിദ്യാർഥികളോട് പ്രതികാര നടപടി കൈക്കൊള്ളുന്നു. കേരളത്തിന് അഭിമാനമായി ജെആർഎഫ് ലഭിച്ച ട്രാൻസ്ജെൻഡർ വിദ്യാർഥിക്ക് നേരെയും നടപടി എടുത്തു. 6 പേര് റിസർച്ച് നടത്തുന്നവരാണ്. വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയതെന്നും അതിൻ്റെ ഭാഗമായാണ് 16 പേർക്കെതിരെ പ്രതികാര നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. സിസ തോമസ് ഒരു അധ്യാപക എങ്ങനെ ആകരുത് എന്നതിൻ്റെ ഉദാഹരണമാണ്. പരീക്ഷ എഴുതാൻ പോലും അനുവദിക്കുന്നില്ല. സസ്പെൻഷൻ ഉടൻ പിൻവലിക്കണം. അല്ലെങ്കിൽ ശക്തമായ പ്രതിരോധം ഉണ്ടാകുമെന്നും ആദർശ് എം സജി കൂട്ടിചേർത്തു.