അജ്മാൻ: കടലിൽ ചരക്കുകപ്പൽ ആകാശത്ത് പൊങ്ങിക്കിടക്കുന്നതുപോലെ തോന്നിക്കുന്ന അപൂർവ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. യുഎഇയിലെ അജ്മാൻ തീരത്തുനിന്ന് മലയാളി പ്രവാസി പകർത്തിയ വീഡിയോയാണ് ആഗോളതലത്തിൽ ശ്രദ്ധ നേടിയത്. ജസീൽ പെരളശ്ശേരി പകർത്തിയ ദൃശ്യം വെറും 20 മണിക്കൂറിനുള്ളിൽ 3.1 കോടിയിലധികം പേരാണ് കണ്ടത്.
ആദ്യ കാഴ്ചയിൽ അമ്പരപ്പിക്കുന്ന ഈ ദൃശ്യത്തിനു പിന്നിൽ ‘സുപ്പീരിയർ മിറാഷ്’ (Superior Mirage) എന്ന സ്വാഭാവിക പ്രകാശ പ്രതിഭാസമാണ്. അന്തരീക്ഷത്തിലെ വ്യത്യസ്ത താപനിലയിലുള്ള വായുപാളികളിലൂടെ പ്രകാശം കടന്നുപോകുമ്പോൾ അതിന്റെ സഞ്ചാരപാതയ്ക്ക് വ്യതിയാനമുണ്ടാകുന്നതാണ് ഈ പ്രതിഭാസത്തിന് കാരണം. ഇതോടെ ദൂരെയുള്ള കപ്പൽ കടലിന്റെ ഉപരിതലത്തിൽനിന്ന് ഉയർന്നുനിൽക്കുന്നതായോ ആകാശത്ത് പൊങ്ങിക്കിടക്കുന്നതായോ തോന്നും. യഥാർഥത്തിൽ കപ്പൽ കടലിൽ തന്നെയായിരിക്കും.
അജ്മാൻ തീരത്തുനിന്ന് യാദൃച്ഛികമായാണ് ജസീൽ ഈ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയത്. സാധാരണ രീതിയിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ ഇത്രയധികം വൈറലാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം ഗൾഫ് ന്യൂസിനോട് പറഞ്ഞു. യൂട്യൂബിലൂടെ സ്വയം ഫോട്ടോഗ്രാഫിയും വീഡിയോ നിർമാണവും പഠിച്ച ജസീൽ ഒരു വർഷം മുൻപാണ് യുഎഇയിലെത്തിയത്.
ഫോട്ടോഗ്രാഫി രംഗത്ത് നേരത്തെയും ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട് ജസീൽ. 2026 സെപ്റ്റംബറിൽ ദുബായിൽ നടന്ന ‘ഫ്ലേം ട്രീ സീസൺ ഫോട്ടോഗ്രാഫി’ മത്സരത്തിൽ ഒന്നാം സമ്മാനമായ 15,000 ദിർഹം അദ്ദേഹം നേടിയിരുന്നു. അൽ ജദ്ദാഫ് വാക്കിൽ ഹിജാബ് ധരിച്ച ഫ്രീസ്റ്റൈൽ ഫുട്ബോൾ താരം ഹാദിയ ഹക്കീമിനെ പകർത്തിയ ചിത്രത്തിനായിരുന്നു പുരസ്കാരം.
അന്തരീക്ഷ അപവർത്തനം (Atmospheric Refraction) എന്ന പ്രകാശ പ്രതിഭാസത്തിന്റെ ഭാഗമാണ് സുപ്പീരിയർ മിറാഷ്. പ്രകാശം വ്യത്യസ്ത സാന്ദ്രതയുള്ള മാധ്യമങ്ങളിലൂടെ കടന്നുപോകുമ്പോൾ സഞ്ചാരപാതയ്ക്ക് ദിശാവ്യതിയാനം സംഭവിക്കുന്നതിനെയാണ് അപവർത്തനം എന്നു പറയുന്നത്. നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നതായും യഥാർഥ സൂര്യോദയത്തിന് മുൻപുതന്നെ സൂര്യനെ കാണാൻ കഴിയുന്നതായും തോന്നുന്നതിന് പിന്നിലും അന്തരീക്ഷ അപവർത്തനമുണ്ട്.
കടൽജലം തണുത്തിരിക്കുമ്പോൾ അതിന് മുകളിലുള്ള വായു താരതമ്യേന ചൂടുള്ളതാണെങ്കിൽ അന്തരീക്ഷത്തിൽ വ്യത്യസ്ത താപനിലയിലുള്ള പാളികൾ രൂപപ്പെടും. താഴെ തണുത്ത വായുവും മുകളിൽ ചൂടുള്ള വായുവും നിലനിൽക്കുന്ന ഈ അവസ്ഥയെ താപവിപരീതനം (Temperature Inversion) എന്നു വിളിക്കുന്നു.
ഇത്തരം സാഹചര്യങ്ങളിൽ കപ്പലിൽനിന്നുള്ള പ്രകാശകിരണങ്ങൾ അന്തരീക്ഷത്തിലെ വായുപാളികളിലൂടെ കടന്നുപോകുമ്പോൾ വളയുന്നു. എന്നാൽ മനുഷ്യന്റെ കണ്ണ് പ്രകാശം നേർരേഖയിലാണ് സഞ്ചരിക്കുന്നതെന്ന് കണക്കാക്കുന്നതിനാൽ കപ്പലിന്റെ പ്രതിബിംബം യഥാർഥ സ്ഥാനത്തേക്കാൾ ഉയരത്തിലായി കാണപ്പെടുന്നു. ഇതാണ് കപ്പൽ ആകാശത്ത് പൊങ്ങിക്കിടക്കുന്നതുപോലെയുള്ള കാഴ്ചയ്ക്ക് കാരണം.
ധ്രുവപ്രദേശങ്ങളിലും തണുത്ത കടൽക്കാറ്റുള്ള മേഖലകളിലുമാണ് സാധാരണയായി ഈ പ്രതിഭാസം കൂടുതലായി കാണപ്പെടുന്നത്. ചില സാഹചര്യങ്ങളിൽ പ്രതിബിംബം നേരെയും മറ്റു ചിലപ്പോൾ തലകീഴായും പ്രത്യക്ഷപ്പെടാം.