ജംഷഡ്പുർ: മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും റീൽസ് ചിത്രീകരിക്കുന്നതും എതിര്‍ത്തിട്ടും തുടര്‍ന്നു. പിന്നാലെ 14കാരിയായ മകളെ തല്ലിക്കൊന്ന കേസിൽ മാതാപിതാക്കൾ അറസ്റ്റിൽ. ഝാർഖണ്ഡിലെ ഈസ്റ്റ് സിങ്ഭും ജില്ലയിൽ രവീന്ദ്ര മുർമു, ഭാര്യ സുമാനി എന്നിവരെയാണ് വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. എട്ടാം ക്ലാസ് വിദ്യാർഥിനിയായ കനക്ലത മുർമുവാണ് കൊല്ലപ്പെട്ടത്.
നവംബർ 10ന് വടികൊണ്ട് മർദിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് മൃതദേഹം പ്രദേശത്തെ ഉപേക്ഷിക്കപ്പെട്ട ക്വാറിയിൽ തള്ളുകയായിരുന്നു. നവംബർ 13നാണ് മൃതദേഹം കണ്ടെത്തിയത്. മകളെ കാണാനില്ലെന്നായിരുന്നു ദമ്പതികൾ നാട്ടുകാരോടും പൊലീസിനോടും പറഞ്ഞിരുന്നത്. മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു.
അടുത്ത ദിവസവും പ്രതിഷേധം തുടർന്നു. മകളുടെ മൃതദേഹം കണ്ടെത്തിയ ശേഷമുള്ള ദമ്പതികളുടെ പെരുമാറ്റത്തിൽ പൊലീസിന് സംശയം തോന്നിയിരുന്നു. എന്നാൽ വ്യക്തമായ തെളിവുകളില്ലാത്തതിനാൽ തുടക്കത്തിൽ നടപടിയെടുക്കാനായില്ല. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിൽ സാങ്കേതിക സഹായവും രഹസ്യവിവരങ്ങളും നിർണായകമായി. ചോദ്യം ചെയ്യലിനിടെ ദമ്പതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മൊബൈൽ ഫോണിൽ കൂടുതൽ സമയം ചെലവഴിക്കുന്നതും റീൽസ് ചിത്രീകരിക്കുന്നതും മാതാപിതാക്കൾ എതിർത്തിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ വടികൊണ്ട് മർദിച്ചതാണ് പെൺകുട്ടിയുടെ മരണത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്.