ന്യൂഡൽഹി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനുള്ളിൽ കത്തിച്ചുവെച്ച നിലവിളക്കുമായി ആരതി നടത്തി ശംഖുവിളിച്ച് യാത്രക്കാരൻ. ട്രെയിനിലെ മറ്റ് യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തിയ സംഭവത്തിൽ ഇന്ത്യൻ റെയിൽവേ അന്വേഷണം നടത്തും. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെയാണ് പുറത്തറിഞ്ഞത്. എ.സി കോച്ചിനുള്ളിൽ ഇരിക്കുന്ന യാത്രക്കാരൻ പൂജ നടത്തുന്നതായി വിഡിയോയിൽ കാണാം.
ഷർട്ടില്ലാതെ മുണ്ടുടുത്തും നെറ്റിയിലും ശരീരത്തിലും ഭസ്മം അണിഞ്ഞുമാണ് ഇയാൾ ഇരിക്കുന്നത്. മുന്നിലെ ചെറിയ മേശയിൽ ഒരു ദൈവത്തിന്റെ ചിത്രം, പൂക്കൾ, മാലകൾ, പൂജാസാധനങ്ങൾ എന്നിവയും കാണാം. ഇതിനുപുറമെ മേശയിൽ എണ്ണയൊഴിച്ച് കത്തിച്ച നിലവിളക്കും സമീപമുണ്ട്.ആദ്യം ശംഖുവിളിക്കുന്ന ഇയാൾ പിന്നീട് നിലവിളക്കുമായി ആരതി ഉഴിയുകയും പൂജ നടത്തുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. ട്രെയിനിന്റെ ജനലിലൂടെ പുറത്തുള്ള കാഴ്ചകളും വിഡിയോയിൽ വ്യക്തമാണ്.
നവംബർ 26ന് ‘ഗോഡ് ഓഫ് വാർ’ എന്ന എക്സ് അക്കൗണ്ടിലാണ് വിഡിയോ പങ്കുവെച്ചത്. ട്രെയിനിനുള്ളിൽ തീ കത്തിച്ച് പൂജ നടത്തിയത് മറ്റു യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്ന പ്രധാന വിമർശനം. മതപരമായ ആചാരങ്ങൾ വ്യക്തിപരമായ വിശ്വാസത്തിന്റെ ഭാഗമാണെങ്കിലും പൊതു ഇടത്തിൽ തീ കത്തിക്കുന്നത് അപകടസാധ്യതയുണ്ടാക്കുമെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടി.