പാലക്കാട്: ഷാഫി പറമ്പിൽ എംപിക്കെതിരെ പരസ്യവിവാദ പരാമർശങ്ങൾ നടത്തിയ രാജ്‌മോഹൻ ഉണ്ണിത്താനെതിരെ വേറിട്ട പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. എംപിക്ക് ‘നെല്ലിക്കാത്തളം’ വെയ്ക്കാനെന്ന പേരിൽ ഒരു പെട്ടി നെല്ലിക്കയാണ് പാലക്കാട്ടുനിന്ന് അദ്ദേഹത്തിന്റെ പേരിൽ പാഴ്‌സലായി അയച്ചത്. വണ്ടാഴി പഞ്ചായത്തിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധത്തിന് പിന്നിൽ.
ഷാഫി പറമ്പിലിനെതിരെ ഉണ്ണിത്താൻ നടത്തിയ പരാമർശങ്ങളാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്. കാസർകോട് ജില്ലയിലെ സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരുടെ വിയർപ്പിന്റെ ഫലമാണ് ഉണ്ണിത്താന്റെ എംപി സ്ഥാനമെന്നും അത് മറക്കരുതെന്നും ഓർമിപ്പിച്ചാണ് പാഴ്‌സൽ അയച്ചത്.
‘ഷാഫി പറമ്പിലിന്റെ ജനപിന്തുണ കണ്ട് നിങ്ങൾക്ക് മാനസികനില തെറ്റിയെന്ന് തോന്നുന്നു. അതുകൊണ്ട് ദിവസവും മൂന്നുനേരം നെല്ലിക്കാത്തളം വയ്ക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു’ എന്ന പരിഹാസക്കുറിപ്പും പാഴ്‌സലിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.
കണ്ണൂരിൽ ഷാഫി പറമ്പിലിന് പിന്തുണ പ്രഖ്യാപിച്ച് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് പാലക്കാട്ടുനിന്നുള്ള ഈ വേറിട്ട പ്രതിഷേധം. കോൺഗ്രസിനുള്ളിലെ ആഭ്യന്തര തർക്കം പരസ്യമായ പ്രതിഷേധങ്ങളിലേക്കും പരിഹാസങ്ങളിലേക്കും നീങ്ങുന്നതോടെ പാർട്ടിക്കുള്ളിലെ ഭിന്നത വീണ്ടും ചർച്ചയാകുകയാണ്.