തലശ്ശേരി: 2026-ൽ പുറത്തിറങ്ങിയ ‘ഉയിര്’ സിനിമയ്ക്ക് ആധാരമായ, ഏറെ വിവാദമുയർത്തിയ ഇരിട്ടി ശോഭ കൊലക്കേസിൽ പ്രതിയായ മലപ്പുറം പാണ്ടിക്കാട് താമസിക്കുന്ന കർണാടക തുംകൂർ തിമ്മരാജനഹള്ളി സ്വദേശി ടി.ആർ. മഞ്ജുനാഥ് (44) കുറ്റക്കാരനാണെന്ന് തലശ്ശേരി അഡീഷണൽ ജില്ലാ കോടതി. കേസിൽ ജഡ്ജി സി.ജെ. ഡെന്നി നാളെ ശിക്ഷാവിധി പ്രഖ്യാപിക്കും. ഇരിട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ 2017 ജനുവരി 21-നാണ് കർണാടക സ്വദേശിയായ ശോഭ എന്ന യുവതിയെ കണ്ണൂർ ഇരിട്ടിയിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആദ്യം അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. പോസ്റ്റുമോർട്ടത്തിൽ കഴുത്തുഞെരിച്ച് ബോധം കെടുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിയുകയായിരുന്നു. 2017 മേയ് ആറിന് കുറ്റപത്രം നൽകി. ശോഭയെ കഴുത്തുഞരിച്ച് ബോധം കെടുത്തിയ ശേഷം കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്. കൊലപാതകത്തിന് ശേഷം ശോഭയുടെ ആദ്യ വിവാഹത്തിലുള്ള അഞ്ചും അതിൽ താഴെയും പ്രായമുള്ള രണ്ട് പിഞ്ചുകുട്ടികളുമായി പ്രതി മഞ്ജുനാഥ് മൈസൂരിലേക്കും ബംഗളൂരുവിലേക്കും ഒളിച്ചുകടന്നു. തുടർന്ന് മുംബൈയിലേക്കുള്ള ട്രെയിനിൽ ഈ കുട്ടികളെ ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു.
അതേസമയം 2015-ൽ ശോഭയുടെ ആദ്യ ഭർത്താവായ രാജുവിനെ മഞ്ജുനാഥും ശോഭയും ചേർന്ന് കൊലപ്പെടുത്തി കാട്ടിലിട്ട് കത്തിച്ചതായി പറയപ്പെടുന്നു. ഈ വിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയതാണ് ശോഭയെ കൊലപ്പെടുത്താൻ മഞ്ജുനാഥിന് പ്രേരണയായതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മഞ്ജുനാഥ് രണ്ടാംഭാര്യ ശോഭയും, ശോഭയുടെ രണ്ടുമക്കളോടുമൊപ്പം ഇരിട്ടിയിൽ ടെന്റ് കെട്ടിയാണ് താമസിച്ചിരുന്നത്. ദേഹത്ത് കയറിയിരുന്ന് കഴുത്ത് ഞെരിച്ച് ബോധം കെടുത്തിയാണ് ശോഭയെ കൊലപ്പെടുത്തിയത്. പിന്നീട് കിണറ്റിൽത്തള്ളി.
പിറ്റേദിവസം ബസിൽ മൈസൂരുവിൽനിന്ന് ബെംഗളൂരുവിൽ പോയി. അവിടെ റെയിൽവേ സ്റ്റേഷനിൽനിന്ന് കുട്ടികളെ മുംബൈയിലേക്ക് ട്രെയിൻ കയറ്റി വിടുകയായിരുന്നു. പിന്നീട് ഫെബ്രുവരി 21-ന് മഞ്ജുനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ വിശദമായി ചോദ്യംചെയ്തതിൽ നിന്ന്, ശോഭയുടെ ഭർത്താവ് രാജുവിന്റെ മരണം കൊലപാതകമാണെന്ന് പോലീസ് മനസിലാക്കി. 2015 ഡിസംബറിൽ മഞ്ജുനാഥും ശോഭയും ചേർന്ന് രാജുവിന്റെ കഴുത്തിൽ കയർമുറുക്കി കൊലപ്പെടുത്തിയ ശേഷം വനത്തിൽ കൊണ്ടുപോയി മൃതദേഹം കത്തിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.
രാജുവിനെ കൊലപ്പെടുത്തിയത് പോലീസിനോട് പറയുമെന്ന് പറഞ്ഞപ്പോഴാണ് മഞ്ജുനാഥ് ശോഭയെ കൊലപ്പെടുത്തിയത്. കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹ പരിശോധനയിൽ കഴുത്ത് ഞെരുക്കി കൊലപ്പെടുത്തിയതാണെന്നും മരിച്ചത് 25-നും 28-നുമിടയിൽ പ്രായമുള്ള സ്ത്രീയാണെന്നും ഡോ. ഗോപാലകൃഷ്ണപിള്ള കണ്ടെത്തിയതാണ് കേസിൽ നിർണായകമായതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാർ പറഞ്ഞു.
അന്വേഷണം വഴിമുട്ടുമായിരുന്ന കേസിൽ തെളിവുകൾ ശേഖരിച്ച് കുട്ടികളെ മുംബൈയിൽ അന്വേഷിച്ച് കണ്ടെത്തിയത് അന്ന് പ്രബോഷൻ എസ്.ഐ.യായിരുന്ന അൻഷാദാണ്. 25-ാം സാക്ഷിയായി കേസിൽ അൻഷാദിനെ വിസ്തരിച്ചു. തലശ്ശേരി അഡീഷണൽ ജില്ലാകോടതി (ഒന്ന്) മുമ്പാകെ മൊഴി നൽകിയവരിൽ ശോഭയുടെ കുട്ടിയും ഉണ്ടായിരുന്നു. കേസിൽ മൂന്നാംസാക്ഷിയായാണ് കുട്ടിയെ വിസ്തരിച്ചത്.
അതേസമയം 2026-ൽ പുറത്തിറങ്ങിയ ‘ഉയിര്’ എന്ന ചിത്രം ഈ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ചിത്രീകരിച്ചതായിരുന്നു. ചിത്രത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ അൻഷാദ് എന്ന പോലീസ് ഓഫീസറുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് നടൻ റോഷൻ മാത്യു ആയിരുന്നു. മുംബൈയിൽ ഉപേക്ഷിക്കപ്പെട്ട കുട്ടികളെ അന്വേഷിച്ചു കണ്ടെത്തിയ അൻഷാദിന്റെ സംരക്ഷണയിലാണ് നിലവിൽ ഈ കുട്ടികൾ കഴിയുന്നത്. ഇപ്പോൾ തിരൂർ സി.ഐ. ആണ് അൻഷാദ്.