കണ്ണൂർ: റിസോർട്ട് ആരോപണത്തെ പരിഹസിച്ച് സിപിഎം നേതാവ് പി. ജയരാജന്റെ മകൻ ജെയിൻ രാജ്. സ്വന്തമായി ‘പൂൾ’ നിർമിക്കാനുള്ള ശേഷിയില്ലാത്തതിനാൽ നാട്ടിലെ അമ്പലക്കുളത്തിൽനിന്ന് എടുത്ത ചിത്രമാണെന്ന അടിക്കുറിപ്പോടെയാണ് ജെയിൻ രാജ് സ്വന്തം ചിത്രം പങ്കുവെച്ചത്. പി. ജയരാജന് റിസോർട്ട് ബന്ധമുണ്ടെന്ന് ആരോപിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ പാർട്ടിക്ക് പരാതി നൽകിയ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് പരിഹാസ പോസ്റ്റ്.
ഇടുക്കിയിലെ മാങ്കുളത്ത് സ്വർണക്കടത്തുകാരനുമായി ചേർന്ന് പി. ജയരാജൻ റിസോർട്ട് നടത്തുന്നുവെന്നാണ് ഇ.പി. ജയരാജൻ പാർട്ടിക്ക് നൽകിയ പരാതിയിലെ ആരോപണം. റിസോർട്ടിന്റെ ഡയറക്ടർ ബോർഡ് യോഗത്തിൽ പി. ജയരാജൻ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യം ഇടുക്കി ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കിയിട്ടുണ്ട്.
പി. ശശിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത് പി. ജയരാജന്റെ ബുദ്ധിയാണെന്നും പരാതിയിൽ ആരോപിക്കുന്നു. സ്വർണം പൊട്ടിക്കൽ, ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധം തുടങ്ങിയ ഗുരുതര ആരോപണങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റിന് നൽകിയ കത്തിലുണ്ട്.
നേരത്തേ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് പി. ജയരാജൻ ഇ.പി. ജയരാജനെതിരെ പരാതി നൽകുകയും പാർട്ടി അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അതേസമയം, ഇ.പി. ജയരാജന്റെ പുതിയ ആരോപണങ്ങളിലും വൈദേകം റിസോർട്ട് വിവാദത്തിലും വിശദമായ അന്വേഷണം നടത്താനാണ് സിപിഎം തീരുമാനം. ഇതിനായി കെ.എൻ. ബാലഗോപാലിനെയും ടി.പി. രാമകൃഷ്ണനെയും ഉൾപ്പെടുത്തി അന്വേഷണ കമ്മിഷനെ പാർട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്.