തൊടുപുഴ: ചിന്നക്കനാലിൽ ഭീതിപരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം ബുധനാഴ്ച നടക്കും. ഇതിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ ഒന്ന്, രണ്ട്, ഒൻപത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് വാർഡുകളിൽ ബുധനാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു.
നിലവിൽ ഡ്രോണുകൾ ഉപയോഗിച്ചാണ് വനംവകുപ്പ് ചക്കക്കൊമ്പനെ നിരീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ ദൗത്യത്തിന് തടസ്സമുണ്ടാകാതിരിക്കാൻ ബുധനാഴ്ച മേഖലയിൽ സ്വകാര്യ ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നവംബർ 24 മുതൽ 26 വരെ പ്രദേശത്തെ വിനോദസഞ്ചാര പ്രവർത്തനങ്ങളും നിരോധിച്ചു.
നവംബർ 25, 26 തീയതികളിൽ തൊഴിലുറപ്പ് ജോലികളും തോട്ടം ജോലികളും നിർത്തിവെക്കണമെന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.