യമുനാനഗർ: സമൂഹമാധ്യമങ്ങളിൽ റീൽസ് ചിത്രീകരിക്കുന്നതിനായി ചരക്കുതീവണ്ടിക്ക് മുകളിൽ കയറിയ പത്താം ക്ലാസ് വിദ്യാർഥി വൈദ്യുതാഘാതമേറ്റ് മരിച്ചു. ഹരിയാനയിലെ യമുനാനഗറിലുള്ള ജഗാധ്രി വർക്ക്ഷോപ്പിന് സമീപമാണ് ദാരുണമായ സംഭവം. ജവഹർ നഗർ സ്വദേശിയായ കേശവ് (15) ആണ് മരിച്ചത്.
തീവണ്ടിക്ക് മുകളിലൂടെ കടന്നുപോകുന്ന ഉയർന്ന വൈദ്യുതിവിതരണ ലൈനിൽ തട്ടിയാണ് കുട്ടിക്ക് അപകടമുണ്ടായത്. വൈദ്യുതാഘാതത്തെ തുടർന്ന് വലിയ പൊട്ടിത്തെറി ശബ്ദം കേട്ടതോടെ സമീപത്തുണ്ടായിരുന്നവർ സ്ഥലത്തേക്ക് ഓടിയെത്തി. അപ്പോഴേക്കും ശരീരം ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കേശവ് മരിച്ചിരുന്നു.
ബന്ധുവായ ആശിഷിനൊപ്പമാണ് കേശവ് വീട്ടിൽനിന്ന് പുറത്തുപോയത്. പുതിയ വസ്ത്രങ്ങൾ വാങ്ങാനായിരുന്നു ഇരുവരും പോയത്. വസ്ത്രങ്ങൾ വാങ്ങിയശേഷം ഒരു വീഡിയോ ചിത്രീകരിക്കാമെന്ന് തീരുമാനിച്ച് ജഗാധ്രി വർക്ക്ഷോപ്പിന് മുന്നിലെത്തി. തുടർന്ന് ഇവിടെ നിർത്തിയിട്ടിരുന്ന ചരക്കുതീവണ്ടിയുടെ മുകളിലേക്ക് കേശവ് കയറുകയായിരുന്നു. ആശിഷ് തീവണ്ടിക്ക് താഴെ നിൽക്കുന്നതിനിടെയാണ് കേശവ് മുകളിലെ ഉയർന്ന വോൾട്ടേജിലുള്ള വൈദ്യുതിലൈനിൽ സ്പർശിച്ചത്.
വിവരമറിഞ്ഞ് റെയിൽവേ പൊലീസ് സ്ഥലത്തെത്തി മൃതദേഹം സിവിൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. എൽഐസി ഏജന്റായ പിതാവും ഇളയ സഹോദരിയുമാണ് കേശവിനുള്ളത്.