ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിൽ റോഡരികിലെ ഓടയ്ക്കുള്ളിൽ നാലുദിവസത്തോളം കുടുങ്ങിക്കിടന്ന യുവാവിന് രക്ഷകരായി വഴിയാത്രികർ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) കെട്ടിടത്തിന് എതിർവശത്തുള്ള നടപ്പാതയ്ക്ക് താഴെയുള്ള ഓടയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. ഗുവാഹത്തി റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു സംഭവം.
തിരക്കേറിയ റോഡിലൂടെ നടന്നുപോകുകയായിരുന്ന വഴിയാത്രക്കാർക്ക് ഓടയ്ക്കുള്ളിൽ നിന്ന് നേരിയ ശബ്ദങ്ങളും നിലവിളികളും കേട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ആദ്യം ശബ്ദത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ആളുകൾ ആശയക്കുഴപ്പത്തിലായി. തുടർന്ന് ഓടയ്ക്കുള്ളിൽ നിന്നാണ് ശബ്ദം വരുന്നതെന്ന് മനസിലാക്കിയതോടെ നിരവധി പേർ സ്ഥലത്ത് തടിച്ചുകൂടി.
തുടർന്ന് നാട്ടുകാർ നടത്തിയ ശ്രമത്തിനൊടുവിൽ ഓടയ്ക്കുള്ളിൽ കുടുങ്ങിക്കിടന്ന ആളെ പുറത്തെടുക്കുകയായിരുന്നു. ഇയാൾ ദിവസങ്ങളായി ഓടയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. നാലുദിവസത്തോളം ഇയാൾക്ക് എങ്ങനെ അവിടെ കഴിയാനായെന്നും ഈ സമയമത്രയും ആരുടെയും ശ്രദ്ധയിൽപ്പെടാതെ പോയതെങ്ങനെയെന്നും വ്യക്തമല്ല.
അതുപോലെ രക്ഷപ്പെടുത്തിയ വ്യക്തിയുടെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ എങ്ങനെയാണ് ഓടയ്ക്കുള്ളിൽ എത്തിയതെന്നും എന്താണ് സംഭവിച്ചതെന്നുമുള്ള കാര്യങ്ങളിലും വ്യക്തതയില്ല. ഇയാളുടെ തിരിച്ചറിയൽ വിവരങ്ങൾ കണ്ടെത്താനും സംഭവത്തിന്റെ സാഹചര്യം വ്യക്തമാക്കാനുമുള്ള ശ്രമത്തിലാണ് പൊലീസെന്ന് അധികൃതർ അറിയിച്ചു.
നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിലൊന്നിൽ, റെയിൽവേ സ്റ്റേഷന് സമീപം ആളുകൾ നിരന്തരം കടന്നുപോകുന്ന സ്ഥലത്താണ് നാലുദിവസത്തോളം ഒരാൾ ഓടയ്ക്കുള്ളിൽ കുടുങ്ങിക്കിടന്നത്. ഇത്രയും കാലം ഇയാൾ ആരുടെയും ശ്രദ്ധയിൽപ്പെടാതിരുന്നത് എങ്ങനെയെന്ന ചോദ്യം സംഭവത്തിന് പിന്നാലെ ഉയർന്നിട്ടുണ്ട്. നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് ഒടുവിൽ ഇയാളുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചത്.