അമൃത്സർ: മദ്യലഹരിയിൽ അമിതവേഗത്തിൽ പൊലീസുകാരൻ ഓടിച്ച കാറിടിച്ച് 12 വയസ്സുകാരിക്ക് ഗുരുതര പരുക്ക്. പഞ്ചാബിലെ അമൃത്സറിൽ സ്കൂളിൽനിന്ന് മടങ്ങുകയായിരുന്ന വിദ്യാർഥിനിയാണ് അപകടത്തിൽപ്പെട്ടത്. കുട്ടി കാറിനടിയിൽ കുടുങ്ങിയെന്നും ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തതെന്നും പ്രദേശവാസികൾ പറഞ്ഞു. അപകടത്തിനു പിന്നാലെ ഓടിക്കൂടിയ നാട്ടുകാർ വാഹനമോടിച്ചയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. അമൃത്പാൽ സിങ് എന്ന സിപിഒയാണ് കാറോടിച്ചതെന്ന് ദൃക്സാക്ഷികളിലൊരാൾ പറഞ്ഞു.
‘അയാൾ ആടിയാടിയാണ് നിന്നത്. കണ്ണുകൾ പോലും പ്രയാസപ്പെട്ടാണ് തുറന്നത്. ഛർദിക്കുകയും ചെയ്തു. കാറിനുള്ളിൽ മദ്യക്കുപ്പികളും സിഗരറ്റും ലൈറ്ററുമുണ്ടായിരുന്നു’– അപകടത്തിനു പിന്നാലെ സ്ഥലത്തെത്തിയ നാട്ടുകാരിലൊരാൾ പറഞ്ഞു.
അപകടത്തിൽപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്ന് ബന്ധുവായ പ്രീതി അറിയിച്ചു. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടി വാടകവീട്ടിലാണ് താമസിക്കുന്നത്. കുടുംബത്തിലെ നിരവധി പേർക്ക് ശാരീരിക വൈകല്യങ്ങളുള്ളതിനാൽ ഏറെ ബുദ്ധിമുട്ടിയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും അവർ പറഞ്ഞു. കുട്ടിക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്നും അപകടമുണ്ടാക്കിയ പൊലീസുകാരനെതിരെ ശക്തമായ നടപടി സ്വീകരിച്ച് നീതി ലഭ്യമാക്കണമെന്നും പ്രീതി ആവശ്യപ്പെട്ടു.