ഇന്ത്യയിലെത്തിയ ആദ്യകാലത്ത് സാരി ധരിക്കാൻ തനിക്ക് ഏറെ മടിയായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകൾ സാരി ധരിക്കുമ്പോൾ അത് അരോചകമായും അസ്വാഭാവികമായും തോന്നിയിരുന്നുവെന്നും എന്നാൽ പിന്നീട് സാരി ധരിക്കാൻ പഠിച്ചതോടെ അതിനോട് പ്രണയം തോന്നിത്തുടങ്ങിയെന്നും സോണിയ ഗാന്ധി വെളിപ്പെടുത്തി. തന്റെ ഓർമക്കുറിപ്പായ ‘ബിലോങ്ങിങ്’ (Belonging) പുറത്തിറങ്ങാനിരിക്കെ ഹാർപേഴ്‌സ് ബസാർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സോണിയ ഇക്കാര്യം പറഞ്ഞത്.
“സാരി ധരിക്കാൻ എനിക്ക് ആദ്യം ഭയമായിരുന്നു. പാശ്ചാത്യ സ്ത്രീകൾ സാരി ധരിക്കുമ്പോൾ അത് വളരെ മോശമായും അസ്വാഭാവികമായും തോന്നുമെന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ എനിക്ക് അത് പഠിക്കേണ്ടിവന്നു. ശരിയായ രീതിയിൽ സാരി ധരിക്കാൻ കുറച്ചുസമയമെടുത്തു. ഒരിക്കൽ അത് പഠിക്കുകയും ശീലമാകുകയും ചെയ്തതോടെ സാരി എനിക്ക് ഏറെ പ്രിയപ്പെട്ടതായി. ലോകത്തിലെ ഏറ്റവും മനോഹരവും ആകർഷകവുമായ വസ്ത്രമാണ് സാരിയെന്ന് ഞാൻ വിശ്വസിക്കുന്നു. സാരികൾ സൂക്ഷിച്ചുവെച്ചാൽ വർഷങ്ങൾക്കുശേഷവും വീണ്ടും ധരിക്കാം. കാരണം ഫാഷൻ വീണ്ടും പഴയ രീതികളിലേക്ക് തിരിച്ചെത്താറുണ്ട്,” സോണിയ പറഞ്ഞു.
സോണിയയുടെ സാരിശേഖരത്തിലെ ഏറ്റവും വിലപ്പെട്ട സാരി ഏതാണെന്ന ചോദ്യത്തിനും അവർ മറുപടി നൽകി. 1968-ൽ രാജീവ് ഗാന്ധിയുമായുള്ള വിവാഹത്തിന് ധരിച്ച പിങ്ക് നിറത്തിലുള്ള ഖാദി സാരിയാണ് ഏറ്റവും പ്രിയപ്പെട്ടതെന്ന് സോണിയ വെളിപ്പെടുത്തി. സ്വാതന്ത്ര്യസമരകാലത്ത് ജയിലിൽ കഴിയുമ്പോൾ ജവഹർലാൽ നെഹ്‌റു നൂൽ നൂറ്റെടുത്താണ് ഈ സാരിക്കാവശ്യമായ നൂൽ തയ്യാറാക്കിയതെന്നതാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത.
“എന്റെ അമ്മായിയമ്മയുടേതായിരുന്ന ചില സാരികൾ എന്റെ കൈവശമുണ്ട്. അവയെല്ലാം എനിക്ക് വളരെ വിലപ്പെട്ടതാണ്. എന്നാൽ അവയിൽ ഏറ്റവും പ്രത്യേകതയുള്ളത് എന്റെ വിവാഹസാരിയാണ്. സ്വാതന്ത്ര്യസമരകാലത്ത് ജയിലിൽ കഴിയുമ്പോൾ ജവഹർലാൽ നെഹ്‌റു നൂൽ നൂറ്റെടുത്താണ് അതിനുള്ള നൂൽ തയ്യാറാക്കിയത്,” സോണിയ പറഞ്ഞു.