കൊച്ചി; ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി മർദിച്ചു എന്ന കേസിൽ അറസ്റ്റിലായ നടൻ ബിബിൻ പെരുമ്പിള്ളി, നടി അതുല്യ ചന്ദ്ര, ഇവരുടെ സുഹൃത്ത് കെ.ബി. വിഷ്ണു എന്നിവർക്കു ജാമ്യം. കൂടാതെ എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണമെന്നും കോടതിയുടെ അനുമതിയില്ലാതെ വിദേശത്തേക്കു പോകരുത് എന്നിവ അടക്കമുള്ള ഉപാധികളോടെയാണു ജാമ്യം അനുവദിച്ചത്.
അതേസമയം നടിയും കൂട്ടരും വിളിച്ചു വരുത്തി മർദിച്ചു എന്നു പരാതി നൽകിയ ഡോ. ജോൺസൺ കെ.വർഗീസ് ബലാത്സംഗ കേസിൽ ഒളിവിലാണ്. ഇയാളുടെ മുൻകൂർ ജാമ്യഹർജി തിങ്കളാഴ്ച പരിഗണിക്കും. ഈ മാസം രണ്ടിന് രാത്രി 6.30ഓടെ തന്റെ ബന്ധുവിന് അസുഖമാണെന്നു പറഞ്ഞ് ഫ്ലാറ്റിലേക്കു വിളിച്ചുവരുത്തിയശേഷം ഡോക്ടറായ പരാതിക്കാരനെ തടഞ്ഞുവച്ച് മർദിക്കുകയും മൂന്നു ലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോണുകളും സ്മാർട് വാച്ചും ഇയർപോഡും തട്ടിയെടുക്കുകയും ചെയ്തെന്നാണ് കേസ്. തുടർന്ന് മൂന്ന് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ഒടുവിൽ ഒരു കോടി നൽകാമെന്നു സമ്മതിച്ചതിനെത്തുടർന്ന് മൂന്ന് ദിവസത്തിനകം 25 ലക്ഷം രൂപ നൽകണമെന്ന നിബന്ധനയോടെ വിട്ടയച്ചെന്നുമാണ് പൊലീസ് റിപ്പോർട്ട്. കടവന്ത്ര പൊലീസിലാണ് ഡോ. ജോൺസൺ പരാതി നൽകിയത്.
എന്നാൽ, പരാതിക്കാരനായ ഡോക്ടർ രണ്ടാം പ്രതിയുടെ ബന്ധുവിനെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്ത സംഭവത്തിൽ നിയമനടപടി നേരിടുന്നതിൽനിന്നു രക്ഷപ്പെടാനും ഫോണുകൾ തിരികെ ലഭിക്കാനുമാണു വ്യാജ പരാതി നൽകിയതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ബന്ധുവിനെ കുടുംബ ഡോക്ടർ കൂടിയായ ജോൺസൺ പീഡിപ്പിച്ച വിവരം കുടുംബാംഗങ്ങൾ അറിയുകയും ഇക്കാര്യത്തിൽ ഇയാളെ വിളിച്ചുവരുത്തി കാര്യങ്ങൾ ചോദിക്കുകയും ചെയ്തു. താൻ ചെയ്ത കുറ്റം സമ്മതിച്ച ജോൺസൺ ചിത്രങ്ങളൊന്നും പകർത്തിയിട്ടില്ലെന്നു കാട്ടി ഫോൺ കൈമാറുകയായിരുന്നു എന്നും പ്രതിഭാഗം വാദിച്ചു.
ഡോക്ടർക്കെതിരെ അതുല്യയുടെ ബന്ധു ഇൻഫോപാർക്ക് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുള്ള കാര്യവും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഡോക്ടറുടെ ഫോണിൽ തന്റെ രോഗികൾ അടക്കമുള്ളവരുടേത് ഉൾപ്പെടെ ഒട്ടേറെ നഗ്നദൃശ്യങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഉടൻ ഫോൺ തിരികെ ലഭിച്ചില്ലെങ്കിൽ ഇക്കാര്യങ്ങൾ പുറത്തു വരുമെന്ന ഭീതിയിലാണ് ഡോക്ടർ പരാതി നൽകിയതെന്നും അതുല്യയുടെ അഭിഭാഷകൻ വാദിച്ചു.
എന്നാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ജാമ്യം നൽകരുത് എന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. പരാതിക്കാരൻ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ ഗൗരവകരമാണെങ്കിലും അതിന്റെ ഗൗരവം കൊണ്ടു മാത്രം ജാമ്യം നിഷേധിക്കാൻ കാരണമാകില്ലെന്ന് വ്യക്തമാക്കി കോടതി പ്രതികൾക്കു ജാമ്യം അനുവദിക്കുകയായിരുന്നു. പ്രതികൾ നവംബർ അഞ്ച് മുതൽ (15 ദിവസം) കസ്റ്റഡിയിലാണെന്നും കൂടുതൽ കസ്റ്റഡി ചോദ്യം ചെയ്യലിന്റെ ആവശ്യമില്ലെന്നും നിരീക്ഷിച്ചാണ് ജാമ്യം അനുവദിച്ചത്. പരാതിക്കാരന്റെ ഫോൺ രണ്ടാം പ്രതിയുടെ ബന്ധു മറ്റൊരു സ്റ്റേഷനിൽ ഏൽപ്പിച്ചു എന്നതിൽ എതിരഭിപ്രായമില്ല. ഫോണുകൾ സ്വമേധയാ കൈമാറിയതാണോ അതോ തട്ടിയെടുത്തതാണോ എന്നതടക്കമുള്ള കാര്യങ്ങൾ വിചാരണ വേളയിലെ തെളിവുകളുടെ അടിസ്ഥാനത്തിലേ തീരുമാനിക്കാനാകൂ എന്നും കോടതി വ്യക്തമാക്കി.