തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിലെ ഗൂഢാലോചന വാദം കള്ളമാണെന്ന് തെളിഞ്ഞതായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ. അന്നു ഗൂഢാലോചനാക്കുറ്റം ആരോപിക്കപ്പെട്ട എല്ലാവരെയും വെറുതേവിട്ടെന്നും കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും അവർ പറഞ്ഞു.
കെ കെ ശൈലജയുടെ വാക്കുകൾ ഇങ്ങനെ
‘ഷുക്കൂർ വധം ഏറെ നിർഭാഗ്യകരമായ സംഭവമാണ്. അന്ന് സംഘർഷമുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കാൻ പോയ സംഘത്തിൽ ഞാനും ഉണ്ടായിരുന്നു. ഓട്ടോയിലാണ് പോയത്. ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല. കുടുംബങ്ങളെ ആശ്വസിപ്പിക്കാനാണ് പോയത്. ഓട്ടോയിൽനിന്ന് ഇറങ്ങുമ്പോൾ തന്നെ ലീഗ് പ്രവർത്തകർ എറിയുകയായിരുന്നു. ഞാൻ ഇറങ്ങിയില്ല, ജയരാജൻ ഇറങ്ങിയിരുന്നു. അതുകൊണ്ടാണ് ജയരാജനടക്കം ഏറ് കിട്ടിയത്. ആശുപത്രിയിൽ ആളുകൾക്കിടയിൽ നിന്ന് എന്ത് ഗൂഢാലോചന നടത്താനാണ് പറ്റുക? 14 വർഷത്തോളം അനുഭവിച്ച പ്രയാസത്തിന് അറുതി ഉണ്ടായിരിക്കുന്നു’.
അതേസമയം 2012 ഫെബ്രുവരി 20 ന് കണ്ണൂരിലെ യൂത്ത് ലീഗ് പ്രവർത്തകനും തളിപ്പറമ്പ് മണ്ഡലം എംഎസ്എഫ് ട്രഷറുമായിരുന്ന അരിയിൽ അബ്ദുൾ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ വ്യാഴാഴ്ചയാണ് എറണാകുളത്തെ സിബിഐ പ്രത്യേക കോടതി വിധി പറഞ്ഞത്. കേസിൽ 13 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കേസിലെ മറ്റു പ്രതികളായ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ, സംസ്ഥാന സമിതി അംഗം ടി വി രാജേഷ്, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് ഉൾപ്പെടെ 18 പ്രതികളെ കോടതി വെറുതേവിട്ടു.