കൊച്ചി: അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശനിരക്ക് വർധനയ്ക്കുള്ള സൂചനകളാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവിലയെ സമ്മർദ്ദത്തിലാക്കുന്നത്. പലിശനിരക്ക് ഉയരാനുള്ള സാധ്യതയിൽ ഡോളർ ശക്തിപ്പെടുകയും ബോണ്ട് യീൽഡ് വർധിക്കുകയും ചെയ്തതോടെ സ്വർണ്ണത്തിലും വെള്ളിയിലും കനത്ത വിൽപ്പന സമ്മർദ്ദമുണ്ടായി. വ്യാവസായിക ആവശ്യകതയെക്കുറിച്ചുള്ള ആശങ്കകളും വെള്ളിവിലയുടെ ഇടിവിന് ആക്കം കൂട്ടി.
അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില 3,720 ഡോളറിലേക്കും ഡോളറിനെതിരായ രൂപയുടെ വിനിമയനിരക്ക് 93.47ലേക്കും എത്തിയ സാഹചര്യത്തിൽ കേരളത്തിൽ ഇന്ന് ഗ്രാമിന് 235 രൂപ കുറഞ്ഞ് 11,980 രൂപയും പവന് 1,880 രൂപ കുറഞ്ഞ് 95,840 രൂപയുമായി.
കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന വിലയിടിവ് ഉപഭോക്താക്കൾക്ക് വാങ്ങലിന് അനുകൂല സാഹചര്യം ഒരുക്കുന്നുണ്ട്. എന്നാൽ തുടർച്ചയായ ഇടിവിന് പിന്നാലെ ലാഭമെടുപ്പും കുറഞ്ഞ വിലയിലെ വാങ്ങലും വിപണിയിൽ സജീവമായാൽ താൽക്കാലിക വിലത്താങ്ങ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ.എസ്.അബ്ദുൽ നാസർ പറയുന്നു. എങ്കിലും ഫെഡിന്റെ പലിശനയവും ഡോളറിന്റെ മുന്നേറ്റവും നിർണായകമായതിനാൽ സ്വർണ്ണവിലയുടെ ഇടിവ് അവസാനിച്ചുവെന്ന് ഇപ്പോൾ ഉറപ്പിച്ച് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.