തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി എ.കെ.ആന്റണിയുടെ ഭാര്യ എലിസബത്ത് അയച്ച പരാതിയിൽ അബദ്ധം പറ്റി മ്യൂസിയം പോലീസ്. സ്റ്റേഷനിലേക്ക് ഒരു ഇ മെയിൽ വഴിയാണ് എലിസബത്തിന്റെ പരാതിയെത്തിയത്. ‘വൈഫ്’ ഓഫ് എ.കെ. ആന്റണി’ എന്ന് പരാതിയിൽ പേരിനൊപ്പം വച്ചിരുന്നു. ഈ പരാതി പരിശോധിച്ച ഉദ്യോഗസ്ഥൻ എലിസബത്തിനെ ഫോണിൽ വിളിച്ച് ഭർത്താവിനൊപ്പം സ്റ്റേഷനിലെത്താൻ അവശ്യപ്പെടുകയും ചെയ്തു.
എന്നാൽ പിന്നീടാണ് എകെ ആന്റണിയുടെ ഭാര്യയാണ് പരാതിക്കാരിയെന്നു പോലീസ് മനസ്സിലാക്കിയത്. തുടർന്ന് അവരെ നേരിൽക്കണ്ട് ക്ഷമ ചോദിക്കാൻ സിറ്റി പോലീസ് കമ്മിഷണർ മ്യൂസിയം എസ്എച്ച്ഒയ്ക്കു നിർദേശം നൽകിയെങ്കിലും അതിന്റെ ആവശ്യമില്ലെന്നായിരുന്നു എലിസബത്തിന്റെ മറുപടി.
വീട്ടിലെ അറ്റകുറ്റപ്പണിക്കായി ഏർപ്പാടാക്കിയ ആൾ മുൻകൂർ പണം വാങ്ങിയ ശേഷം പണി പൂർത്തിയാക്കിയില്ലെന്നായിരുന്നു പരാതി. ഇയാളെ ഫോണിൽ ലഭിക്കാതായതോടെയാണു സഹായം അഭ്യർഥിച്ചാണ് എലിസബത്ത് പൊലീസിനെ സമീപിച്ചത്. പൊലീസ് ഇടപെട്ട് ഇയാളെ വിളിച്ചുവരുത്തി പണി പൂർത്തിയാക്കാൻ നിർദേശം നൽകി.