അസം: ദിബ്രുഗഢിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ വാടകക്കാരനും സഹായിയും അറസ്റ്റിൽ. ഓൺലൈൻ ഗെയിമിൽ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് കടം വീട്ടാൻ കവർച്ച ആസൂത്രണം ചെയ്യുകയും, അതിനിടെ കുടുംബത്തിലെ മൂന്നുപേരെയും കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കൊലപാതകം കവർച്ചയായി ചിത്രീകരിക്കാനായിരുന്നു പ്രതികളുടെ ശ്രമം.
കമലബാരി മേഖലയിലെ ദുലിയാജാനിൽ താമസിച്ചിരുന്ന ചന്ദ്രകാന്ത ഭുയാൻ, ഭാര്യ എലിസ ഭുയാൻ, ഇവരുടെ മകൾ എന്നിവരാണ് വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കുടുംബത്തിന്റെ വാടകക്കാരനായ 30കാരൻ രാജു ദാസിനെയും ഇയാളുടെ കൂട്ടാളി അമീർ ദാസിനെയും ചൊവ്വാഴ്ച അസമിലെ ശിവസാഗറിൽ ട്രെയിനിൽനിന്ന് പൊലീസ് പിടികൂടി.
കമലബാരി സ്വദേശിയായ രാജു ദാസ് ഓൺലൈൻ ഗെയിമിൽ പിതാവിൽ നിന്ന് കടം വാങ്ങിയ നാല് ലക്ഷം രൂപ നഷ്ടപ്പെടുത്തിയിരുന്നു. ഈ പണം തിരിച്ചടയ്ക്കാൻ കവർച്ച നടത്താൻ തീരുമാനിച്ചതായാണ് പൊലീസ് പറയുന്നത്. ഇതിനായി കൂട്ടാളിയായ അമീർ ദാസുമായി ചേർന്ന് കുടുംബത്തെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു.
ചോദ്യം ചെയ്യലിൽ ഇരുവരും കൊലപാതകത്തിൽ പങ്കുണ്ടെന്ന് സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇരുമ്പ് ദണ്ഡും ചുറ്റികയും ഉപയോഗിച്ച് കുടുംബാംഗങ്ങളെ ആക്രമിക്കുകയായിരുന്നു. ആദ്യം എലിസ ഭുയാനെയാണ് കൊലപ്പെടുത്തിയത്. പിന്നാലെ മകളെയും ചന്ദ്രകാന്ത ഭുയാനെയും കൊലപ്പെടുത്തി. ഓയിൽ ഇന്ത്യ ലിമിറ്റഡിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായിരുന്നു ചന്ദ്രകാന്ത ഭുയാൻ.
കൊലപാതകത്തിന് പിന്നാലെ വീട്ടിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ച പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ദിബ്രുഗഢിൽ നിന്ന് ഗുവാഹത്തിയിലേക്കും അവിടെ നിന്ന് ബെംഗളൂരുവിലേക്കും കടക്കാനായിരുന്നു പദ്ധതി. എന്നാൽ ഗുവാഹത്തിയിലേക്ക് പോകുന്നതിനായി അവധ് അസം എക്സ്പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെ സിമലുഗുരി റെയിൽവേ സ്റ്റേഷനിൽവച്ച് പൊലീസ് പിടികൂടി. സംഭവത്തിന് ഏകദേശം മൂന്ന് ദിവസം മുമ്പ് ഇരുവരും ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സംഭാഷണങ്ങളിലൂടെയാണ് കവർച്ചയും കൊലപാതകവും ആസൂത്രണം ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
പ്രാഥമിക അന്വേഷണപ്രകാരം രാവിലെ 8.30ഓടെയാണ് പ്രതികൾ വീട്ടിൽ പ്രവേശിച്ചത്. ഉച്ചയ്ക്ക് 12.15ഓടെ വീട്ടിൽ നിന്ന് പുറത്തുപോയതായും കണ്ടെത്തിയിട്ടുണ്ട്. പ്രതികളിൽ നിന്ന് ഏകദേശം 15,000 രൂപ പണം, രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ-വെള്ളി ആഭരണങ്ങൾ, മൂന്ന് മൊബൈൽ ഫോണുകൾ എന്നിവ പൊലീസ് കണ്ടെടുത്തു. കൊലപാതകത്തിന് ശേഷം ദിബ്രുഗഢിൽ നിന്ന് ഗുവാഹത്തിയിലേക്കും തുടർന്ന് ബെംഗളൂരുവിലേക്കും കടക്കാനായിരുന്നു ഇരുവരുടെയും നീക്കം.