കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനൊടുവിൽ ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ലത്തീഫ് ഭട്ടിനെ വധിച്ചു. മസ്ജിദിനുള്ളിൽ ഒളിച്ച ഭീകരനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതോടെ കശ്മീർ താഴ്‌വരയിൽ അവശേഷിച്ചിരുന്ന അവസാനത്തെ ലഷ്കർ ഭീകരനായി സുരക്ഷാ ഏജൻസികൾ കണക്കാക്കിയിരുന്നയാളും കൊലപ്പെട്ടു. ഇയാളുടെ തലയ്ക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
അതേസമയം ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിനിടെ ലഷ്കർ-ഇ-തൊയ്ബ (LeT) കമാൻഡറോട് കീഴടങ്ങാൻ സൈന്യം ആവർത്തിച്ച് ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്. ഭീകരൻ കീഴടങ്ങാൻ തയ്യാറാകാതെ മതപരമായ പരാമർശങ്ങളോടെ പ്രതികരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വീഡിയോയിൽ സുരക്ഷാസേനയും ഭീകരനും തമ്മിലുള്ള സംഭാഷണം വ്യക്തമായി കേൾക്കാം.
ഏറ്റുമുട്ടലിനിടെ സൈനിക ഉദ്യോഗസ്ഥൻ ലത്തീഫ് ഭട്ടിനോട് കീഴടങ്ങാൻ ആവശ്യപ്പെടുന്നുണ്ട്. സുരക്ഷാസേന ഒപ്പമുണ്ടെന്നും എന്തിനാണ് ഏറ്റുമുട്ടൽ തുടരുന്നതെന്നും ഉദ്യോഗസ്ഥൻ ചോദിക്കുന്നു. എന്നാൽ കീഴടങ്ങാൻ തയ്യാറാകാത്ത ഭട്ട്, തനിക്ക് അല്ലാഹുവിലേക്ക് പോകണമെന്നും ദൈവത്തിന്റെ വാഗ്ദാനമായ അന്ത്യം കാണണമെന്നും പ്രതികരിക്കുന്നു.
സംഭാഷണത്തിനിടെ ഖുർആൻ വചനങ്ങൾ ഉദ്ധരിക്കുന്ന ഭട്ട്, “ഞാൻ പോയിക്കഴിഞ്ഞു, എനിക്ക് വളരെ സന്തോഷമുണ്ട്. എനിക്ക് അല്ലാഹുവിലേക്ക് പോകണം. അവന്റെ വാഗ്ദാനമായ അന്ത്യം ഞാൻ കാണും. അല്ലാഹു അക്ബർ” എന്ന് പറയുന്നതായി വീഡിയോയിൽ കേൾക്കാം. തുടർന്ന് സൈനിക ഉദ്യോഗസ്ഥൻ “ഞങ്ങൾ നിനക്കൊപ്പമുണ്ട്, കീഴടങ്ങൂ. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്?” എന്ന് വീണ്ടും ആവശ്യപ്പെടുന്നു. ഇതിന് “അല്ലാഹു എനിക്ക് മതി” എന്നായിരുന്നു ഭട്ടിന്റെ മറുപടി.
കശ്മീരിൽ സുരക്ഷാസേന തിരയുന്ന ഏറ്റവും പ്രധാനപ്പെട്ട ഭീകരരിൽ ഒരാളാണ് ലത്തീഫ് ഭട്ട്. താഴ്‌വരയിൽ അവശേഷിക്കുന്ന ഏക പ്രാദേശിക ഭീകരനെന്നാണ് ഇയാൾ വിശേഷിപ്പിക്കപ്പെടുന്നത്. കുൽഗാമിൽ ബുധനാഴ്ച രാവിലെ വീണ്ടും ഏറ്റുമുട്ടൽ ആരംഭിച്ചത് സുരക്ഷാസേനയുടെ തിരച്ചിലിനിടെയാണ്. തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിൽ ഉമർ നിസാർ ദറിനെ സുരക്ഷാസേന വധിച്ചിരുന്നു. അന്ന് ലാറൂ ബൈപാസ് മേഖലയിലെ സുരക്ഷാവലയം ഭേദിച്ച് ലത്തീഫ് ഭട്ട് രക്ഷപ്പെട്ടിരുന്നു. തുടർന്ന് ഭട്ടിനെ കണ്ടെത്തുന്നതിനായി വിപുലമായ തിരച്ചിൽ നടത്തിവരികയായിരുന്നു.
തിങ്കളാഴ്ചയ്ക്ക് ശേഷം വെടിവയ്പ്പ് ഉണ്ടായിരുന്നില്ലെങ്കിലും ഏറ്റുമുട്ടൽ നടന്ന പ്രദേശത്തും സമീപ മേഖലകളിലും സുരക്ഷാസേന തിരച്ചിൽ ശക്തമാക്കിയിരുന്നു. ബുധനാഴ്ച പുലർച്ചെ തിരച്ചിലിനിടെ ഭീകരരുമായി വീണ്ടും ബന്ധം സ്ഥാപിച്ചതോടെ ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു. റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ സൈനിക നടപടി തുടരുകയായിരുന്നു.
അതേസമയം നവംബർ 11-ന് കുൽഗാമിൽ സിആർപിഎഫ് (CRPF) ഉദ്യോഗസ്ഥർക്കുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ലത്തീഫ് ഭട്ടിനെതിരായ നടപടി ശക്തമാക്കിയത്. ആക്രമണത്തിൽ മൂന്ന് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു.
നവംബർ 10-ന് ആക്രമണത്തിന് ഒരു ദിവസം മുമ്പ് ഉമർ നിസാർ ദറും ലത്തീഫ് ഭട്ടും വിവിധ പ്രദേശങ്ങളിൽ നിരീക്ഷണം നടത്തിയതായി ജമ്മു കശ്മീർ പൊലീസ് ചൊവ്വാഴ്ച അറിയിച്ചിരുന്നു. മിർ ബാർ, അഖ്റൻ, ഹബ്ലിഷ്, കിലാം തുടങ്ങിയ സ്ഥലങ്ങളിൽ ഇരുവരും എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. സുരക്ഷാസേനയെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിനുള്ള സ്ഥലങ്ങൾ കണ്ടെത്താനും പദ്ധതി തയ്യാറാക്കാനുമായിരുന്നു നിരീക്ഷണമെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
Kulgam Update 🚨
Pakistan sponsored terrorist Lateef Bhatt who was injured in the last contact in Laroo and escaped to adjacent area has once again been trappen.
This time inside a mosque, security forces are giving him multiple calls tk surrender and come out of thw holy place over video calls. The terrorist seems to be not agreeing to the callls.
🇮🇳🇮🇳
Ops in progress, more details awaited.
— Abhinav (@ThatArticleGuy) November 18, 2026
നവംബർ 11-ന് അഖ്റനിലെ സിആർപിഎഫ് ചെക്ക്‌പോസ്റ്റിന് നേരെ ഇരുവരും ആക്രമണം നടത്തിയെന്നാണ് ആരോപണം. മോട്ടോർസൈക്കിളിൽ എത്തിയ ആക്രമികൾ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർത്ത് രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ മൂന്ന് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു.
നവംബർ 10, 11 തീയതികളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച സുരക്ഷാ ഏജൻസികൾ, നിരീക്ഷണം നടത്തിയ സമയത്തും ആക്രമണത്തിന് ശേഷം രക്ഷപ്പെടുന്ന സമയത്തും ദറും ഭട്ടും ക്യാമറകളിൽ പതിഞ്ഞതായി കണ്ടെത്തിയിരുന്നു. ഭട്ടിന് അഞ്ച് മുതൽ ആറു മാസം വരെ ഒളിവിൽ കഴിയാൻ സഹായം നൽകിയതായി ദറിനെതിരെ കണ്ടെത്തൽ
ലത്തീഫ് ഭട്ടിന് അഞ്ച് മുതൽ ആറു മാസം വരെ താമസസൗകര്യവും മറ്റ് സഹായങ്ങളും ഉമർ നിസാർ ദർ നൽകിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ദർ കാണാതായതിനെ തുടർന്ന് കുടുംബം കുൽഗാം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭട്ടുമായുള്ള ബന്ധവും ഇയാൾക്ക് സഹായം നൽകിയിരുന്നതായുള്ള വിവരങ്ങളും പുറത്തുവന്നത്.
മുൻപ് റൊട്ടി നിർമാണ ജോലികൾ ചെയ്തിരുന്ന ദർ, പാക്കിസ്ഥാൻ ആസ്ഥാനമായ ലഷ്കർ-ഇ-തൊയ്ബയുടെ അനുബന്ധ സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ട് (TRF) ൽ ചേർന്നതായി ആരോപിക്കപ്പെടുന്നു. സംഘടനയിൽ ചേർന്നതിന് പിന്നാലെ ഒരാഴ്ചയ്ക്കുള്ളിലാണ് തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെട്ടത്. അഖ്റനിലെ സിആർപിഎഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ തിങ്കളാഴ്ച ലാറൂ മേഖലയിൽ സുരക്ഷാസേന ഇരുവരെയും തടയുകയായിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ ഉമർ നിസാർ ദർ കൊല്ലപ്പെട്ടെങ്കിലും ലത്തീഫ് ഭട്ട് രക്ഷപ്പെട്ടു. ഭട്ടിനായി തിരച്ചിൽ തുടരുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ വീണ്ടും ഏറ്റുമുട്ടൽ ആരംഭിച്ചത്. സുരക്ഷാസേനയുടെ നടപടി തുടരുകയാണ്.