കോഴിക്കോട്: പുതിയറയിലെ ആപ്കോ ഹ്യുണ്ടായ് ഷോറൂമിലേക്ക് നാലംഗ സംഘം കാർ ഇടിച്ചുകയറ്റി. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. സംഘത്തിലെ മൂന്നുപേർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും ഡ്രൈവറെ ഷോറൂം ജീവനക്കാർ ചേർന്ന് പിടികൂടി മെഡിക്കൽ കോളേജ് പോലീസിന് കൈമാറി. വെള്ളയിൽ സ്വദേശി ആദർശാണ് പിടിയിലായിരിക്കുന്നത്. വാഹനം മനപൂർവ്വം ഇടിപ്പിച്ച് കയറ്റിയതാണെന്ന് പ്രതി പറഞ്ഞു. ആരെയും കൊല്ലാനല്ല, ഷോപ്പ് നശിപ്പിക്കാൻ ചെയ്തതാണെന്നും പറഞ്ഞു.
അതേസമയം, ഡ്രൈവർ പരസ്പ്പര വിരുദ്ധമായാണ് സംസാരിച്ചതെന്നും ഇയാൾ ലഹരി ഉപയോഗിച്ചുണ്ടെന്ന ബലമായ സംശയമുണ്ടെന്നും ഷോറൂം ജീവനക്കാർ പറഞ്ഞു.
കാർ വാങ്ങാനെത്തിയ ഉപഭോക്താക്കളും ജീവനക്കാരും ഷോറൂമിനുള്ളിലുണ്ടായിരുന്നപ്പോഴാണ് കാർ നിയന്ത്രണം വിട്ടതുപോലെ ഉള്ളിലേക്ക് പാഞ്ഞുകയറിയത്. കാർ വരുന്നതുകണ്ട് അകത്തുണ്ടായിരുന്നവർ പെട്ടെന്ന് ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിനുപിന്നാലെ കാറിലുണ്ടായിരുന്നവർ ജീവനക്കാരെ ആക്രമിച്ചതായും രണ്ടുപേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.